ചികിത്സയ്ക്ക് ശേഷം രോഗികള്‍ ബില്ലടയ്ക്കാത്തത് കാരണം അയർലണ്ടിലെ പൊതുജനാരോഗ്യസംവിധാനമായ Health Service Executive (HSE)-ന് ലഭിക്കാനുള്ളത് 60 മില്യണ്‍ യൂറോയോളമെന്ന് റിപ്പോര്‍ട്ട്. 2025 തുടക്കത്തിലെ കണക്കനുസരിച്ചാണ് HSE-ക്ക് ഇത്രയും തുക ലഭിക്കാനുള്ളത്. അതുപോലെ പൊതുആശുപത്രികളില്‍ ചെയ്യപ്പെട്ട ഓപ്പറേഷനുകളുടെയും മറ്റ് ചികിത്സകളുടെയും ഭാഗമായി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും 138.4 മില്യണ്‍ യൂറോയും HSE-ക്ക് ലഭിക്കാനുണ്ട്.
ഇതിന് മുമ്പുള്ള രണ്ട് വര്‍ഷങ്ങളില്‍ രോഗികളില്‍ നിന്നും ലഭിക്കാനുള്ള 16.6 മില്യണ്‍ യൂറോ വിവിധ ആശുപത്രികള്‍ എഴുതിത്തള്ളിയിരുന്നു. ഇത്തരത്തില്‍ ലഭിക്കാനുള്ള തുക കലക്ട് ചെയ്യാന്‍ ഏജന്‍സിക്കായി 2024-ല്‍ 500,000 യൂറോ ചെലവിട്ട ശേഷമായിരുന്നു ഇത്.
2025 ആദ്യത്തെ കണക്ക് പ്രകാരം 59.8 മില്യണ്‍ യൂറോയാണ് HSE-ക്ക് രോഗികളില്‍ നിന്നും ലഭിക്കാനുള്ളത്. ഇതില്‍ 23.8 മില്യണ്‍ ഇന്‍ പേഷ്യന്റ് ചാര്‍ജ്ജ് ഇനത്തിലാണ്. ഇതെല്ലാം തന്നെ 2023 ഏപ്രിലിന് മുമ്പ് ഉള്ളതാണ്.
എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സ തേടിയ ശേഷം ഫീസായ 100 യൂറോ കൊടുക്കാതെ രോഗികള്‍ പോയത് കാരണം 14.5 മില്യണ്‍ യൂറോയും HSE-ക്ക് നഷ്ടമായി.
HSE-ക്ക് ആകെ ലഭിക്കാനുള്ള തുകയുടെ 20 ശതമാനവും University Hospital Galway (UHG)-യിലെ രോഗികളില്‍ നിന്നാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ വ്യക്തമാക്കുന്നു. അതേസമയം 2024-ല്‍ പുതിയ അക്കൗണ്ടിങ് സിസ്റ്റത്തിലേയ്ക്ക് മാറിയത് കാരണം പല ആശുപത്രികള്‍ക്കും ഈ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ സാധിച്ചിട്ടില്ല.
ഇത്തരത്തില്‍ ലഭിക്കാത്ത പണം തിരികെ പിടിക്കാന്‍ HSE-ക്ക് ഉത്തരവാദിത്തമുണ്ടെന്നും, അതേസമയം രോഗിക്ക് പണം അടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ആശുപത്രിയുമായി സഹകരിച്ച് തവണകളായി അടയ്ക്കാന്‍ സൗകര്യമുണ്ടെന്നും HSE വക്താവ് പ്രതികരിച്ചു. പണമടയ്ക്കാനുള്ള രോഗികള്‍ക്ക് HSE-യുമായി നേരിട്ട് ബന്ധപ്പെട്ടും ബാക്കി കാര്യങ്ങള്‍ ചെയ്യാം. രോഗികളില്‍ നിന്നും ലഭിക്കാനുളള പണം എഴുതിത്തള്ളാനുള്ള അധികാരം അതാത് ആശുപത്രികള്‍ക്കാണ്. രോഗിയുടെ സാഹചര്യമടക്കമുള്ളവ പരിഗണിച്ചാകും ഇത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments