‘ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല’; ഡബ്ലിനിൽ നൂറുകണക്കിന് പേർ പങ്കെടുത്ത് ഗർഭഛിദ്ര വിരുദ്ധ റാലി

By Rose Malayalam Desk

ഡബ്ലിനില്‍ നൂറുകണക്കിന് പേര്‍ അണിനിരന്ന് ഗര്‍ഭഛിദ്ര വിരുദ്ധ റാലി. ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ എന്ന പേരില്‍ സെന്റ് സ്റ്റീഫന്‍സ് ഗ്രീന്‍ മുതല്‍ മോള്‍സ്വേര്‍ത്ത് സ്ട്രീറ്റ് വരെ നീണ്ട റാലിയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്ന നയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ‘ഗര്‍ഭഛിദ്രം സ്ത്രീകളെ വഞ്ചിക്കുന്നതാണ്’, ‘പ്രോ-വുമണ്‍, പ്രോ-ബേബി, പ്രോ-ലൈഫ്’, ‘കാര്യമായ ചര്‍ച്ചയാണ് വേണ്ടത്, കൂടിയാലോചനയല്ല’ മുതലായ ബാനറുകളും കാര്‍ഡുകളും റാലിയില്‍ ഉയര്‍ത്തിയിരുന്നു.

അയര്‍ലണ്ടില്‍ 2018-ലെ അഭിപ്രായ വോട്ടെടുപ്പിലൂടെ ഗര്‍ഭഛിദ്രനിയമത്തില്‍ അയവ് വരുത്താന്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെ നിലവിലെ നിയമത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച 2023-ലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി ബില്‍ കൊണ്ടുവരുമെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്‌സ് നേതാവായ ഹോളി കാന്‍സ് ഈയിടെ പറയുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ലിനില്‍ ഗര്‍ഭഛിദ്ര വിരുദ്ധ റാലി നടന്നത്.

ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടായിരിക്കുക അടക്കമുള്ള വൈദ്യപരമായ കാരണങ്ങളാല്‍ ഗര്‍ഭഛിദ്രം നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതാണ് ബില്‍ എന്നാണ് ഹോളി കാന്‍സ് പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഗര്‍ഭഛിദ്രത്തിന് മുമ്പായി ഡോക്ടറെ കാണാനായുള്ള മൂന്ന് ദിവസത്തെ കാത്തിരിപ്പ് സമയം അവസാനിപ്പിക്കുക, ഡോക്ടര്‍മാരെ കുറ്റവാളികളായി കാണുന്നത് നിര്‍ത്തലാക്കുക എന്നിവയ്ക്കും ബില്‍ സഹായകമാകുമെന്ന് അവര്‍ വ്യക്തമാക്കുന്നു.

അതേസമയം റാലിയില്‍ പങ്കെടുത്ത ഇന്‍ഡിപെന്‍ഡന്റ് അയര്‍ലണ്ട് അടക്കമുള്ള പാര്‍ട്ടി പ്രതിനിധികള്‍ ഗര്‍ഭഛിദ്രത്തിനെതിരെ രംഗത്തുവന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്നാണ് നമ്മളോട് പറയുന്നതെന്നും, രാജ്യത്തെ ഇടതുപക്ഷം ഈ വിഷയവുമായി മുമ്പോട്ട് പോകുകയാണെന്നും പറഞ്ഞ ഇന്‍ഡിപെന്‍ഡന്റ് അയര്‍ലണ്ട് ടിഡിയായ കെന്‍ ഒ ഫ്‌ളിന്‍, എന്നാല്‍ തങ്ങള്‍ നിശബ്ദരായിരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രോ ലൈഫ് കാംപെയ്ന്‍ വക്താവായ കരോലിന്‍ സൈമണ്‍സ്, കൗണ്‍സിലര്‍ എല്ലെന്‍ ട്രോയ് എന്നിവരും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.

എച്ച്എസ്ഇയുടെ കണക്ക് പ്രകാരം 2022-ല്‍ രാജ്യത്ത് 10,852 ഗര്‍ഭഛിദ്രങ്ങളാണ് നടന്നത്. ഇതില്‍ 10,711-ഉം നടന്നത് ഗര്‍ഭത്തിന്റെ ആദ്യ 12 ആഴ്ചകള്‍ക്കുള്ളിലാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments