ഓയിൽ വില കൂടുന്നു, തൊഴിലാളികൾ കഷ്ടത്തിൽ; ബജറ്റിന് മുമ്പും വീണ്ടും പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഇന്ധനവില പ്രതിഷേധക്കാർ

By Rose Malayalam Desk

ബജറ്റിന് മുമ്പ് ഇനിയും പ്രതിഷേധങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ധനവില പ്രതിഷേധക്കാരില്‍ പ്രമുഖരായ ജെയിംസ് ഗേഗനും, ജോണ്‍ ഡാലനും. കൗണ്ടി വെസ്റ്റ് മീത്തിലെ കോണ്‍ട്രാക്ടറായ ഗേഗനും, കൗണ്ടി കില്‍ഡെയറിലെ കര്‍കനായ ഡാലനുമായിരുന്നു കഴിഞ്ഞമാസം രാജ്യവ്യാപകമായി നടന്ന ഇന്ധനവില പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖര്‍.

സര്‍ക്കാരിന്റെ ഇന്ധന സബ്‌സിഡി പദ്ധതിയെ വിമര്‍ശിച്ച ഇരുവരും, കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച രാത്രി ഡബ്ലിന്‍ സിറ്റിയില്‍ നടന്ന ബ്രേക്കിങ് പോയിന്റ് എന്ന പരിപാടിയിലാണ് ഇവര്‍ നയം വ്യക്തമാക്കിയത്.

ഒക്ടോബര്‍ 6-ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി കൂടുതല്‍ പ്രതിഷേധങ്ങളുണ്ടാകുമെന്ന് ഗേഗന്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ജൂലൈയില്‍ അവസാനിക്കുമെന്നും, പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കുക വളരെ വൈകി ജൂണ്‍ അവസാനത്തോടെയോ, ജൂലൈ ആദ്യത്തോടെയോ മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിന് മുമ്പുള്ള കാലഘട്ടമാണ് കൃഷിക്ക് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ഓയില്‍ വില വര്‍ദ്ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടിയ ഗേഗന്‍, സര്‍ക്കാര്‍ പാക്കേജിനെ ‘സമുദ്രത്തിലെ ഒരു തുള്ളി വെള്ളം’ എന്ന് ഉപമിക്കുകയും ചെയ്തു. ഇലക്ട്രിസിറ്റി സപ്ലൈ ബോര്‍ഡിനെയും വിമര്‍ശിച്ച ഗേഗന്‍, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഇറക്കുമതി കുറയുകയാണെങ്കില്‍, എണ്ണയ്ക്കായി റഷ്യ, യുഎസ്, നോര്‍ത്ത് സീ എന്നിവയെ ആശ്രയിക്കണമെന്നും അഭിപ്രായപ്പെട്ടു.

നിലവവിലെ നടപടികളില്‍ ജനങ്ങള്‍ ഒട്ടും സന്തുഷ്ടരല്ലെന്നും, യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് (USC) ടാക്‌സില്‍ കുറവ് വരുത്തണമെന്നും, ഭിന്നശേഷിക്കാര്‍, നഴ്‌സുമാര്‍, ഭവനരഹിതര്‍ എന്നിവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെന്ന് ജോണ്‍ ഡാലനും പറഞ്ഞു. ഇനി നടക്കുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാകണമെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിലവില്‍ പ്രതിഷേധ പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ല എന്ന് പറഞ്ഞ ഡാലന്‍, പക്ഷേ രാജ്യത്തെ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ആവശ്യമായത് ചെയ്തിട്ടില്ല എന്നതിനാല്‍ പ്രതിഷേധം ഉണ്ടാകുമെന്നും വ്യക്തമാക്കി.

ഇറാനെതിരായ യുഎസ്, ഇസ്രായേല്‍ യുദ്ധത്തെത്തുടര്‍ന്ന് രാജ്യത്തെ ഇന്ധനവില കുത്തനെ ഉയര്‍ന്നതോടെയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഏപ്രില്‍ 7-ന് ആരംഭിച്ച പ്രതിഷേധം പതിയ രാജ്യമൊട്ടാകെ വ്യാപിക്കുകയും, പ്രധാന റോഡുകള്‍, നഗരങ്ങള്‍ എന്നിവ സ്തംഭിക്കുന്ന അവസ്ഥയിലേയ്ക്ക് എത്തുകയും ചെയ്തതോടെ സര്‍ക്കാര്‍ 505 മില്യണ്‍ യൂറോയുടെ സഹായപാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഈ പാക്കേജ് അപര്യാപ്തമാണെന്നാണ് പ്രതിഷേധക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments