‘ഞാൻ സിനിമയെ സ്നേഹിക്കാതെ, ആ​ഗ്രഹിക്കാതെ വന്നയാൾ, പ്രേക്ഷകരുടെ സ്നേഹമാണ് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചത്’: കുഞ്ചാക്കോ ബോബൻ

By Rose Malayalam Desk

തുടക്കകാലത്ത് സിനിമയെ സ്നേഹിക്കാതെ, ആ​ഗ്രഹിക്കാതെ വന്ന ഒരാളാണ് താൻ എന്നും, ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറി നിന്ന സമയത്താണ് പ്രേക്ഷകർ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുന്നത് എന്നും നടൻ കുഞ്ചാക്കോ ബോബൻ. ‘ഒരു ദുരൂഹസാഹചര്യത്തിൽ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹം തിരിച്ചറിയുകയും, അത് നല്ല സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും തിരിച്ചു കൊടുക്കണമെന്ന തിരിച്ചറിവിന്റെ പുറത്താണ് വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണവും ശ്രമവും യാത്രയും തുടങ്ങുന്നത് എന്ന് പറഞ്ഞ കുഞ്ചാക്കോ ബോബൻ, അതിന് വേണ്ടിയുള്ള ശ്രമങ്ങൾ എത്രയോ വർഷം മുൻപ് തുടങ്ങിയതാണ് എന്നും കൂട്ടിച്ചേർത്തു.

നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രങ്ങളും, ഹ്യൂമർ വേഷങ്ങളും എല്ലാം ചെയ്തു. ചിലതെല്ലാം പാളിപ്പോയി. അത്തരത്തിൽ ഇമേജ് മാറ്റാൻ സഹായിച്ച സിനിമയാണ് ട്രാഫിക്. അങ്ങനെ ഒരു ഒരു ട്രയൽ ആൻഡ് എറർ പ്രോസസ് കഴിഞ്ഞിട്ട് വളരെ പതുക്കെയാണ് ഒരു ട്രാൻസ്ഫർമേഷൻ നടന്നത്. അല്ലാതെ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഭയങ്കരമായിട്ട് മാറ്റമുണ്ടായി വന്ന ഒരാളല്ല ഞാൻ. അതിന്റെ പിറകിൽ കുറേ അധ്വാനങ്ങളുണ്ട്, കുറേ തിരസ്കാരങ്ങളുണ്ട്, കുറേ പരാജയങ്ങളുണ്ട്, വിജയങ്ങളുണ്ട്. എല്ലാം അതിന്റെ ഭാ​ഗമാണ്- ചാക്കോച്ചൻ പറഞ്ഞു.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ഒരു ദുരൂഹസാഹചര്യത്തിൽ’ ഏപ്രിൽ 15-ന് ആണ് തിയേറ്ററിൽ എത്തുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments