സ്ത്രീകൾ പാടില്ല; ഇന്ത്യയിലെ ആത്മീയ സംഘത്തിന്റ സന്ദർശനത്തിൽ വിവാദം; ഈഫൽ ടവർ അടച്ചു

By Rose Malayalam Desk

ഇന്ത്യയിലെ ഹൈന്ദവ ആത്മീയ സംഘത്തിന്റെ ഈഫൽ ടവർ സന്ദർശനത്തിനിടെ സ്ത്രീ ജീവനക്കാരെ ജോലിസ്ഥലങ്ങളിൽ നിന്ന് സംഘത്തിന്റെ ആവശ്യപ്രകാരം മാറ്റിനിർത്തിയെന്ന ആരോപണത്തെ തുടർന്ന് പാരിസിലെ ലോകപ്രശസ്ത ഈഫൽ ടവർ താൽക്കാലികമായി അടച്ചു. സംഭവത്തിൽ ജീവനക്കാർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച ടവറിന്റെ പ്രവർത്തനം തടസ്സപ്പെട്ടത്. സംഭവത്തിൽ പാരിസ് അധികൃതർ അന്വേഷണത്തിനും തുടക്കമിട്ടിട്ടുണ്ട്.

ഫ്രാൻസിൽ പുതിയ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടികൾക്കായി എത്തിയ BAPS (Bochasanwasi Akshar Purushottam Swaminarayan Sanstha) സംഘത്തിലെ ഏകദേശം 100 പേരാണ് ശനിയാഴ്ച ഈഫൽ ടവർ സന്ദർശിച്ചത്. ഇന്ത്യയിലെ ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു ആത്മീയ സംഘടനയാണ് BAPS.സന്ദർശനത്തിനിടെ സ്ത്രീ ജീവനക്കാരുമായി സമ്പർക്കം ഒഴിവാക്കണമെന്ന ആവശ്യം സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉയർന്നതായി ഈഫൽ ടവർ നടത്തിപ്പുകാരായ SETE സ്ഥിരീകരിച്ചു.സംഘം കടന്നുപോകുന്ന സമയത്ത് ചില സ്ത്രീ ജീവനക്കാരോട് തങ്ങളുടെ ജോലിസ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാനും ചില ഇടങ്ങളിൽ പുരുഷ ജീവനക്കാരെ പകരം നിയോഗിക്കാനും നിർദേശം നൽകിയെന്നാണ് ജീവനക്കാരുടെ ആരോപണം. സ്ത്രീ ജീവനക്കാരെ അവരുടെ ലിംഗത്തിന്റെ പേരിൽ മാറ്റിനിർത്തിയത് അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് ജീവനക്കാരുടെ സംഘടനകൾ പ്രതികരിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ യോഗം ചേരുകയും ജോലി നിർത്തിവയ്ക്കുകയും ചെയ്തതോടെയാണ് ഈഫൽ ടവർ തിങ്കളാഴ്ച അടച്ചത്. മാനേജ്മെന്റ് ജീവനക്കാരോട് ക്ഷമാപണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.സംഭവത്തിൽ പാരിസ് ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രെഗ്വാർ അന്വേഷണം പ്രഖ്യാപിച്ചു. സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിക്കാതെ എല്ലാവർക്കും തുല്യമായി ജോലി ചെയ്യാനും പൊതുഇടങ്ങളിൽ സഞ്ചരിക്കാനും കഴിയണമെന്നത് ഫ്രാൻസിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റ് യയേൽ ബ്രോൺ-പിവെയും സംഭവത്തെ രൂക്ഷമായി വിമർശിച്ചു. വിദേശ സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്ത്രീകളോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും, മറ്റുള്ളവരെ സ്വീകരിക്കുന്നത് ഫ്രാൻസിന്റെ മൂല്യങ്ങൾ ഉപേക്ഷിക്കുന്നതിന് തുല്യമല്ലെന്നും അവർ പ്രതികരിച്ചു.

അതേസമയം, സംഭവത്തിൽ BAPS ഖേദം പ്രകടിപ്പിച്ചു. വലിയ സംഘമായതിനാൽ മറ്റ് സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഈഫൽ ടവർ അധികൃതരുമായി ഏകോപിപ്പിച്ചാണ് സന്ദർശനം ക്രമീകരിച്ചതെന്നും, തങ്ങളുടെ അറിവിൽ ആരെയും ടവറിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞിട്ടില്ലെന്നും സംഘടന വ്യക്തമാക്കി. ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും BAPS അറിയിച്ചു.

ഈഫൽ ടവർ നടത്തിപ്പുകാരായ SETEയും സ്ത്രീകളുമായുള്ള ഇടപെടൽ പരിമിതപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചത് ശരിയായ നടപടിയായിരുന്നില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. സംഭവം ഫ്രാൻസിൽ ലിംഗസമത്വം, മതസ്വാതന്ത്ര്യം, പൊതുസ്ഥാപനങ്ങളുടെ മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments