അയർലണ്ടിലെ സിറ്റിസൺഷിപ്പ് നേടുന്നതിനുള്ള നിയമങ്ങളിൽ തലമുറയിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് സർക്കാർ ഒരുങ്ങുന്നു. ജസ്റ്റിസ് മന്ത്രി ജിം ഒ’കല്ലഗൻ മുന്നോട്ടുവയ്ക്കുന്ന ഐറിഷ് നാഷണാലിറ്റി ആൻഡ് സിറ്റിസൺഷിപ് (ആമൻഡ്‌മെന്റ് ) ബില്ല് ബുധനാഴ്ച മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തും.
നിലവിൽ അഞ്ച് വർഷത്തെ റെക്കണബിൾ റെസിഡൻസി മതിയാകുന്നിടത്ത് ഇത് എട്ട് വർഷമാക്കാനാണ് പ്രധാന നിർദേശം.അതോടൊപ്പം സിറ്റിസൺഷിപ്പിന് അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് അല്ലെങ്കിൽ ഐറിഷ് ഭാഷാപരിജ്ഞാനം, അയർലണ്ടിലെ സമൂഹം, ജനാധിപത്യം, രാഷ്ട്രീയ സംവിധാനം, മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് എന്നിവ പരിശോധിക്കുന്ന സംവിധാനവും കൊണ്ടുവരാനാണ് സർക്കാർ നീക്കം.ഇപ്പോഴത്തെ നിയമപ്രകാരം അയർലണ്ടിൽ നാച്ചുറലൈസെഷൻ വഴി സിറ്റിസൺഷിപ്പിന് അപേക്ഷിക്കുന്ന ഒരാൾക്ക് സാധാരണയായി കഴിഞ്ഞ ഒൻപത് വർഷത്തിനിടെ അഞ്ച് വർഷത്തെ reckonable residence ഉണ്ടായിരിക്കണം. അതിൽ അപേക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ഒരു വർഷം തുടർച്ചയായ താമസമായിരിക്കണം എന്നതായിരുന്നു. അപേക്ഷകൻ നല്ല സ്വഭാവമുള്ളയാളായിരിക്കണം, അയർലണ്ടിൽ തുടർന്നും താമസിക്കാനുള്ള ഉദ്ദേശം ഉണ്ടായിരിക്കണം, ആവശ്യമായ രേഖകളിലൂടെ താമസകാലം തെളിയിക്കുകയും വേണമെന്നതായിരുന്നു.നിലവിൽ സിറ്റിസൺഷിപ്പ് അപേക്ഷയ്ക്കായി പൊതുവായ നിർബന്ധിത ഇംഗ്ലീഷ്/ഐറിഷ് ഭാഷാ പരീക്ഷയുമില്ല. അതുപോലെ ഐറിഷ് ഹിസ്റ്ററി /സിവിക് സംബന്ധിച്ച പ്രത്യേക പരീക്ഷയും നിലവിലെ സംവിധാനത്തിന്റെ ഭാഗമല്ല.

എന്നാൽ പുതിയ നിർദേശ പ്രകാരം സാധാരണ നാച്ചുറലൈസേഷൻ അപേക്ഷകൾക്ക് ആവശ്യമായ താമസകാലം അഞ്ചിൽ നിന്ന് എട്ട് വർഷമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.നിലവിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം എട്ട് വർഷത്തെ ക്വാളിഫയിങ് റെസിഡൻസ് ആണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ അഞ്ച് വർഷം പൂർത്തിയായതിന്റെ അടിസ്ഥാനത്തിൽ ഉടൻ സിറ്റിസൺഷിപ്പിന് അപേക്ഷിക്കാൻ കഴിയുന്ന ഒരാൾക്ക് പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ അധിക താമസകാലം ആവശ്യമായി വരാനുള്ള സാധ്യതയുണ്ട്.
പുതിയ സംവിധാനത്തിലെ മറ്റൊരു പ്രധാന മാറ്റം ഭാഷാ പരീക്ഷ ആയിരിക്കും.സിറ്റിസൺഷിപ്പിന് അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷിലോ ഐറിഷിലോ ആവശ്യമായ അടിസ്ഥാന ഭാഷാപരിജ്ഞാനം തെളിയിക്കേണ്ടിവരും. സർക്കാർ പറയുന്നത്, രാജ്യത്ത് സ്ഥിരതാമസമാക്കുകയും പൗരത്വം നേടുകയും ചെയ്യുന്നവർക്ക് സമൂഹത്തിലും ദൈനംദിന ജീവിതത്തിലും ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയണം എന്നതാണ്.ഐറിഷ് ഭാഷയുടെ കാര്യത്തിൽ വലിയ തലത്തിലുള്ള അറിവ് എന്നതിലുപരി അടിസ്ഥാന ഐറിഷ് ഭാഷാ പരിചയം ഉൾപ്പെടുത്താനാണ് നിലവിൽ സൂചന.
അതോടൊപ്പം ഐറിഷ് ചരിത്രവും രാജ്യത്തെക്കുറിച്ചുള്ള അറിവും സംബന്ധിച്ച പരിശോധനയുംപുതിയ സംവിധാനത്തിന്റെ ഭാഗമാക്കാനാണ് സർക്കാർ നീക്കം.അയർലണ്ടിലെ സമൂഹം, രാഷ്ട്രീയം, ജനാധിപത്യ സംവിധാനം, രാജ്യത്തിന്റെ മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് പരിശോധിക്കുന്ന സിവിക്സ് പരിശോധനയും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടൊപ്പംസാമ്പത്തിക സ്വയംപര്യാപ്തതയും പരിശോധിക്കപ്പെടാൻ ഉള്ള സാധ്യതയുണ്ട്.പുതിയ നിർദേശപ്രകാരം ഇമ്മീഗ്രേഷൻ നിയമങ്ങൾ ലംഘിക്കുന്നവർക്ക് സിറ്റിസൺഷിപ് അപേക്ഷയിൽ തടസ്സം നേരിടാനും സാധ്യതയുണ്ട്. ഇമ്മീഗ്രേഷൻ നാച്ചുറലൈസേഷൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments