ഇന്ധന വില രണ്ട് യൂറോ കടന്നു; വീണ്ടും സമരഭീതിയിൽ അയർലൻഡ്

By Rose Malayalam Desk

അയർലൻഡിൽ ഇന്ധനവില വീണ്ടും കുതിച്ചുയരുന്നത് പുതിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമാകുന്നു. സർക്കാർ നികുതിയിളവുകൾ തുടർന്നിട്ടും സെപ്റ്റംബർ ആദ്യ ആഴ്ച തന്നെ ഡീസൽ വില പല പമ്പുകളിലും ലിറ്ററിന് രണ്ട് യൂറോ കടന്നതോടെയാണ് വീണ്ടും ഇന്ധന സമരത്തിനുള്ള സാധ്യത ഉയരുന്നത്. വരുന്ന ആഴ്ചകളിൽ വീണ്ടും ഇന്ധന വില കൂടുമെന്നാണ് കരുതപ്പെടുന്നത്.

ഈ വർഷം ഏപ്രിലിൽ ഇന്ധനവില വർധനയ്‌ക്കെതിരെ കർഷകരും ലോറി ഉടമകളും ഉൾപ്പെടെയുള്ളവർ നടത്തിയ പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ ഗതാഗത തടസ്സങ്ങൾക്കും ഇന്ധന വിതരണ പ്രതിസന്ധിക്കും കാരണമായിരുന്നു. വൈറ്റ് ഗേറ്റ് എണ്ണ ശുദ്ധീകരണശാല ഉൾപ്പെടെയുള്ള പ്രധാന ഇന്ധന കേന്ദ്രങ്ങൾ ഉപരോധിക്കപ്പെട്ടതോടെ നിരവധി പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധനം തീർന്ന സാഹചര്യം വരെ ഉണ്ടായി. സമാന സാഹചര്യത്തിൽ ഇപ്പോൾ വീണ്ടും വില ഉയരുന്നതും സർക്കാർ കൂടുതൽ ഇന്ധന നികുതി ഇളവുകൾ പ്രഖ്യാപിക്കാത്തതുമാണ് പ്രതിഷേധ ഭീതിക്ക് പ്രധാന കാരണം.

ഓഗസ്റ്റിൽ ഡീസലിന്റെ ശരാശരി വില €1.92 ആയിരുന്നുവെന്ന് AA Ireland-ന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈയിലെ €1.73-നെ അപേക്ഷിച്ച് 19 സെന്റ് വർധനയാണിത്. പെട്രോളിന്റെ ശരാശരി വിലയും €1.84 ആയി ഉയർന്നിരുന്നു.

സെപ്റ്റംബർ 1 മുതൽ ഇന്ധന നികുതി ഇളവുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നത് വില വീണ്ടും കുത്തനെ ഉയരാൻ ഇടയാക്കുമെന്ന മുന്നറിയിപ്പും നേരത്തെ ഉയർന്നിരുന്നു. എന്നാൽ സർക്കാർ നികുതി ഇളവ് തുടരും എന്ന് പ്രഖ്യാപിച്ചതോടുകൂടി സമരത്തിന് സാധ്യത അടഞ്ഞിരുന്നു. അതിനിടയിലാണ് വീണ്ടും അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില വർധിക്കുകയും അയർലണ്ടിലും വില കൂടുകയും ചെയ്തത്. ഇന്ധനവില രണ്ട് യൂറോയ്ക്ക് മുകളിൽ തുടർന്നാൽ ഏപ്രിലിലെ പ്രതിഷേധങ്ങൾക്ക് സമാനമായ സാഹചര്യം വീണ്ടും ഉണ്ടാകാമെന്നാണ് വിവിധ മേഖലകളിൽ നിന്നുള്ള മുന്നറിയിപ്പ്.

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വീണ്ടും തെരുവിലിറങ്ങാനുള്ള നീക്കങ്ങൾ നടക്കുന്നതായി Fuels for Ireland ചീഫ് എക്സിക്യൂട്ടീവ് കെവിൻ മക്പാർട്ട്ലൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വില നിയന്ത്രണവിധേയമാക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments