എട്ട് പേരുടെ മരണത്തിനിടയാക്കിയ അയർലണ്ടിലെ വാഹനാപകടം; ഡ്രൈവർക്ക് വീണ്ടും ലൈസൻസ്; ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ

By Rose Malayalam Desk

അയർലണ്ടിനെ നടുക്കിയ ഏറ്റവും വലിയ ഒറ്റ വാഹനാപകടങ്ങളിലൊന്നിൽ എട്ട് പേരുടെ മരണത്തിന് കാരണക്കാരനായ ഡ്രൈവർ വീണ്ടും ലോറി ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെക്കുന്നു. ഡൊണഗൽ സ്വദേശിയായ ഷോൺ കെല്ലിയാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഹെവി വാഹനവുമായി നിരത്തിലിറങ്ങിയിരിക്കുന്നത്.വടക്കൻ അയർലണ്ടിലെ ഒരു കോൺക്രീറ്റ് കമ്പനിയിൽ ലോറി ഡ്രൈവറായി കെല്ലിക്ക് ജോലി ലഭിച്ചതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ ലോറിയുമായി നിൽക്കുന്ന കെല്ലിയുടെ ചിത്രം കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. “Safe travels” എന്നും “many happy miles ahead” എന്നും ആശംസിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. എന്നാൽ അദ്ദേഹത്തിന്റെ പഴയ കേസിനെക്കുറിച്ച് ചോദ്യം ഉയർന്നതോടെ കമ്പനി ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു.

2010ലെ ആ ദുരന്തം

2010 ജൂലൈ 11-നായിരുന്നു അയർലണ്ടിനെ നടുക്കിയ അപകടം. ലോകകപ്പ് ഫൈനൽ നടന്ന രാത്രിയിൽ Clonmanyയിൽ നിന്ന് Buncrana ഭാഗത്തേക്ക് ഷോൺ കെല്ലി ഓടിച്ചിരുന്ന Volkswagen Passat അമിതവേഗത്തിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.കെല്ലിയുടെ വാഹനത്തിൽ ഏഴ് യുവാക്കളാണ് ഉണ്ടായിരുന്നത്. അവരിൽ ഒരാളൊഴികെ എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് കോടതിയിൽ വ്യക്തമാക്കിയത്. സാക്ഷികൾ വാഹനം അതിവേഗത്തിൽ സഞ്ചരിച്ചതും അപകടകരമായി മറ്റുവാഹനങ്ങളെ മറികടന്നതും സംബന്ധിച്ച് മൊഴി നൽകിയിരുന്നു. ഒരു വാഹനയാത്രികൻ കെല്ലിയോട് വേഗം കുറച്ചില്ലെങ്കിൽ ആരെയെങ്കിലും കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കോടതി രേഖകളിലുണ്ട്.തുടർന്ന് കെല്ലിയുടെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ കെല്ലിയുടെ വാഹനത്തിലുണ്ടായിരുന്ന ഏഴ് യുവാക്കളും കൂട്ടിയിടിച്ച കാറിന്റെ ഡ്രൈവറായ Hugh Friel-ഉം ഉൾപ്പെടെ എട്ട് പേർ മരിച്ചു.മരിച്ച ഏഴ് യുവാക്കൾക്ക് 19നും 23നും ഇടയിലായിരുന്നു പ്രായം.

ലഭിച്ചത് നാല് വർഷം; പിന്നീട് ശിക്ഷ ഉയർത്തി

മരണങ്ങൾക്ക് കാരണമാകുന്ന അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു എന്ന കുറ്റം കെല്ലി കോടതിയിൽ സമ്മതിച്ചു. 2014ൽ നാല് വർഷത്തെ തടവാണ് ആദ്യം വിധിച്ചത്; ഇതിൽ അവസാന രണ്ട് വർഷം സസ്പെൻഡ് ചെയ്യുകയും 10 വർഷത്തേക്ക് ഡ്രൈവിങ് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.എന്നാൽ ശിക്ഷ വളരെ കുറവാണെന്ന് Director of Public Prosecutions വാദിച്ച് അപ്പീൽ നൽകി. തുടർന്ന് Court of Appeal ശിക്ഷ എട്ട് വർഷമായി ഉയർത്തി, അതിൽ അവസാന നാല് വർഷം സസ്പെൻഡ് ചെയ്തു. അപകടത്തിന്റെ ഗൗരവം, ദീർഘനേരം തുടർന്ന അപകടകരമായ ഡ്രൈവിങ്, മുൻപ് ഉണ്ടായിരുന്ന dangerous driving conviction എന്നിവ കോടതി പരിഗണിച്ചു.2017 ഡിസംബറിൽ കെല്ലി ജയിൽ മോചിതനായി. തടവുകാലത്ത് remission ലഭിച്ചതിനാൽ യഥാർത്ഥത്തിൽ അനുഭവിച്ച ജയിൽശിക്ഷ വിധിച്ച എട്ട് വർഷത്തേക്കാൾ കുറവായിരുന്നു.

വീണ്ടും ഡ്രൈവിങ് രംഗത്തേക്ക്

ജയിൽ ശിക്ഷയും ഡ്രൈവിങ് വിലക്കും പൂർത്തിയാക്കിയ ശേഷം കെല്ലി വീണ്ടും പ്രൊഫഷണൽ ലോറി ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചതാണ് ഇപ്പോൾ വിവാദമായത് .അൻട്രിം ആസ്ഥാനമായ Creagh Concrete ആണ് അദ്ദേഹത്തിന് ലോറി ഡ്രൈവിങ് ജോലി നൽകിയതെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിലുടനീളം കോൺക്രീറ്റ് ഫ്ലോറിങ് സംവിധാനങ്ങൾ സ്ഥാപിക്കുന്ന ജോലിക്കായി പുതിയ ലോറിയും ട്രെയിലറും ഉപയോഗിച്ച് യാത്ര തുടങ്ങുന്നതായി കമ്പനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു. എവിടെയാണ് സോഷ്യൽ മീഡിയയിൽ രൂക്ഷമായ വാദപ്രതിവാദം ഉടലെടുത്തത്

സോഷ്യൽ മീഡിയയിൽ രണ്ട് പക്ഷം

കെല്ലിക്ക് വീണ്ടും ഡ്രൈവിങ് ജോലി ലഭിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്.“എട്ട് പേരുടെ മരണത്തിന് കാരണമായ ഒരാളെ വീണ്ടും ഹെവി വാഹനത്തിന്റെ സ്റ്റിയറിംഗിൽ ഇരുത്തുന്നത് എങ്ങനെ ശരിയാകും?”, “ജീവപര്യന്തം ഡ്രൈവിങ് വിലക്ക് ലഭിക്കേണ്ട കേസായിരുന്നു”, “എല്ലാ ജോലികളിലും നിന്ന് ഒടുവിൽ ഡ്രൈവിങ് ജോലി തന്നെയാണോ തിരഞ്ഞെടുക്കേണ്ടത്?” തുടങ്ങിയ വിമർശനങ്ങളാണ് പലരും ഉയർത്തുന്നത്.അദ്ദേഹത്തിന്റെ പഴയ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വീണ്ടും പ്രൊഫഷണൽ ഡ്രൈവറായി ജോലി ചെയ്യുന്നത് പൊതുസുരക്ഷയുടെ കാര്യത്തിൽ ശരിയായ തീരുമാനമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.അതേസമയം, മറുവശത്ത് കെല്ലിയെ പിന്തുണയ്ക്കുന്നവരും ഉണ്ട്. അദ്ദേഹം ചെയ്ത കുറ്റത്തിന് കോടതി ശിക്ഷ വിധിക്കുകയും അദ്ദേഹം ആ ശിക്ഷ അനുഭവിക്കുകയും ചെയ്തുകഴിഞ്ഞു; ശിക്ഷ പൂർത്തിയാക്കിയ ഒരാൾക്ക് ജീവിതം പുനരാരംഭിക്കാനും ജോലി ചെയ്യാനും അവകാശമുണ്ടെന്നും, സമൂഹത്തിലേക്ക് തിരിച്ചെത്തി സാധാരണ ജീവിതം നയിക്കുന്നത് തന്നെയാണ് ശിക്ഷാ സംവിധാനത്തിന്റെ പുനരധിവാസ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.അപകടത്തിന് ശേഷം കെല്ലി വലിയ പശ്ചാത്താപം പ്രകടിപ്പിച്ചതായും കോടതി പരിഗണിച്ചിരുന്നു. കൂടാതെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളിൽ ചിലർ അന്നത്തെ കോടതിയിൽ അദ്ദേഹത്തെ ജയിലിൽ അയക്കുന്നതിന് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റു കുടുംബാംഗങ്ങൾ അദ്ദേഹത്തിന് ലഭിച്ച ശിക്ഷയെക്കുറിച്ച് കടുത്ത വേദനയും എതിർപ്പും പ്രകടിപ്പിച്ചിരുന്നു.ഇതോടെയാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ ചർച്ച “ശിക്ഷ അനുഭവിച്ച ഒരാൾക്ക് പുതിയ ജീവിതം തുടങ്ങാനുള്ള അവകാശമുണ്ടോ?” എന്ന ചോദ്യത്തിനപ്പുറം “എട്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ലഭിച്ച ശിക്ഷ മതിയായിരുന്നോ, അത്തരമൊരു വ്യക്തിക്ക് വീണ്ടും പ്രൊഫഷണൽ ഡ്രൈവിങ് അനുവദിക്കണമോ?” എന്ന വലിയ ചർച്ചയായി മാറുന്നത്.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടത് തിരികെ ലഭിക്കില്ലെങ്കിലും, കെല്ലി ശിക്ഷ പൂർത്തിയാക്കിയ ശേഷമുള്ള പുനരധിവാസവും പൊതുസുരക്ഷയും തമ്മിൽ എവിടെയാണ് അതിർത്തി വരയ്ക്കേണ്ടതെന്ന ചോദ്യമാണ് ഇപ്പോൾ വീണ്ടും ഉയരുന്നത്???

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments