നോർത്തേൺ അയർലണ്ടിൽ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ബോംബ് സ്ഫോടനം; ഒരാൾ അറസ്റ്റിൽ

By Rose Malayalam Desk

ബെല്‍ഫാസ്റ്റിന് സമീപത്തെ ഡണ്‍മറിയിലെ പൊലീസ് സ്റ്റേഷന് സമീപം കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കിയാറന്‍ സ്മിത്ത് എന്ന 66-കാരനാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് തട്ടിക്കൊണ്ടുപോകപ്പെട്ട ഡെലിവറി കാറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുണ്ടായില്ലെങ്കിലും പ്രദേശവാസികളെ ഒഴിപ്പിക്കേണ്ടി വന്നിരുന്നു. സംഭവം വലിയ നടുക്കം സൃഷ്ടിക്കുകയും ചെയ്തു.

ബെല്‍ഫാസ്റ്റിലെ ബീച്ച്മൗണ്ട് സ്വദേശിയാണ് അറസ്റ്റിലായ സ്മിത്ത്. ഇയാളെ ലിസ്‌ബേണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ഡെലിവറി ഡ്രൈവറെ ഭീഷണിപ്പെടുത്തി കാര്‍ പൊലീസ് സ്റ്റേഷന് സമീപം കൊണ്ടിട്ടതിനും ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. കേസ് വീണ്ടും മെയ് 18-ന് പരിഗണിക്കും.

സംഭവത്തില്‍ ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ട്വിന്‍ബ്രൂക്കിലെ സമ്മര്‍ഹില്‍ പാര്‍ക്ക് പ്രദേശത്തുള്ള ഒരു ചൈനീസ് റസ്റ്ററന്റിലെ ഡെലിവറി ജീവനക്കാരനെ സമീപിച്ച പ്രതിയും കൂട്ടാളിയും, കാറില്‍ ബോംബ് സ്ഥാപിക്കുകയും, 30 മിനിറ്റിനകം പൊലീസ് സ്റ്റേഷന് സമീപം കൊണ്ടുപോയി ഇടാന്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സ്റ്റേഷനിലെത്തിയ ഡ്രൈവര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും, പൊലീസ് പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. അതിനിടെ ബോംബ് പൊട്ടിത്തെറിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments