ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഭരണകക്ഷിയായ ഫിനാ ഫെയ്ൽ (Fianna Fáil) പാർട്ടിയുടെ പരമോന്നത സമിതിയായ ‘കമ്മിറ്റി ഓഫ് 15’ (ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി) ലേക്ക് പാലാ സ്വദേശിനി തെരഞ്ഞെടുക്കപ്പെട്ടു. അയർലൻഡിൽ നഴ്സായി ജോലി ചെയ്യുന്ന എം.ബി. മഞ്ജുദേവിയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് സുപ്രധാനമായ ഈ ഭരണസമിതിയിലേക്ക് ഒരു ഇന്ത്യൻ വംശജ തെരഞ്ഞെടുക്കപ്പെടുന്നത്.
ദേശീയ തലത്തിൽ നടന്ന കടുത്ത മത്സരത്തിനൊടുവിലാണ് ഡബ്ലിൻ ഫിംഗൽ ഈസ്റ്റിൽ നിന്നുള്ള പ്രതിനിധിയായി മഞ്ജുദേവി വിജയിച്ചത്. നേരത്തെ നടന്ന അയർലൻഡ് പൊതുതെരഞ്ഞെടുപ്പിലും മഞ്ജുദേവി മത്സരിച്ചിരുന്നു.
1926-ൽ രൂപീകൃതമായ ഫിനാ ഫെയ്ൽ പാർട്ടിയുടെ ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന വാർഷിക സമ്മേളനത്തിലാണ് (Ard Fheis) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അയർലൻഡ് ഉപപ്രധാനമന്ത്രിയായ മീഹോൾ മാർട്ടിൻ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ട്രഷറർമാർ എന്നിവർക്കൊപ്പം പാർട്ടി നയങ്ങൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സമിതിയാണ് 15 അംഗ ദേശീയ എക്സിക്യൂട്ടീവ് (Committee of 15).

പാർട്ടി ഭരണഘടനയനുസരിച്ച് വനിതകൾക്കായി നീക്കിവെച്ച ഏഴ് സീറ്റുകളിലൊന്നിലാണ് വാശിയേറിയ മത്സരത്തിനൊടുവിൽ മഞ്ജുദേവി നാലാം റൗണ്ടിൽ വിജയിച്ചു കയറിയത്. തനിക്ക് ലഭിച്ചതിൽ 90 ശതമാനത്തിലധികം വോട്ടുകളും ഐറിഷ് വംശജരുടേതാണെന്ന് മഞ്ജുദേവി പറഞ്ഞു. സമീപകാലത്ത് ഇന്ത്യൻ വംശജർക്കു നേരെയുണ്ടായ ചില അക്രമങ്ങൾക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് ഐറിഷ് ജനത ഈ വോട്ടിലൂടെ പ്രകടിപ്പിച്ചതെന്ന് അവർ പ്രതികരിച്ചു. അത്തരം അക്രമങ്ങൾക്കു പിന്നിൽ ചുരുക്കം ചിലർ മാത്രമാണുള്ളതെന്നും, ഇന്ത്യൻ സമൂഹത്തോടുള്ള ആദരവും കരുതലും പ്രകടിപ്പിക്കാനാണ് പാർട്ടി അംഗങ്ങൾ തനിക്ക് പരിപൂർണ്ണ പിന്തുണ നൽകിയതെന്നും മഞ്ജുദേവി കൂട്ടിച്ചേർത്തു.
നഴ്സിംഗ് പ്രൊഫഷനിലുള്ള തനിക്ക് ലഭിച്ച ഈ അവസരം സമൂഹത്തിന്റെ നന്മയ്ക്കായും ഇന്ത്യൻ സമൂഹത്തിന്റെ ഉയർച്ചയ്ക്കായും വിനിയോഗിക്കുമെന്ന് മഞ്ജുദേവി വ്യക്തമാക്കി.
പാലാ സെന്റ് മേരീസ് ഹൈസ്കൂൾ, അൽഫോൻസാ കോളജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം രാജസ്ഥാനിലെ പിലാനി ബിർള സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നും ഒന്നാം റാങ്കോടെയാണ് മഞ്ജുദേവി ജനറൽ നഴ്സിംഗ് പാസായത്. തുടർന്ന് ഡൽഹി എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലും, സൗദി അറേബ്യ റിയാദിലെ കിംഗ് ഫൈസൽ ആശുപത്രിയിലും സേവനമനുഷ്ഠിച്ചു. 2005-ലാണ് അയർലൻഡിലേക്ക് കുടിയേറിയത്. നിലവിൽ ഡബ്ലിനിലെ മാറ്റർ പ്രൈവറ്റ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. 2016-ൽ ബി.എസ്.സി നഴ്സിംഗും 2022-ൽ സൈക്കോളജിയിൽ ലെവൽ 5 കോഴ്സും പൂർത്തിയാക്കി.
പാലാ വിളക്കുമാടം മണിമന്ദിരത്തിൽ പരേതനായ റിട്ടയേർഡ് ഹവിൽദാർ മേജർ കെ.എം. ബാലകൃഷ്ണന്റെയും രാധാമണിയുടെയും മകളാണ്. ഭർത്താവ് ശ്യാം മോഹൻ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. ദിയ, ശ്രേയ എന്നിവർ മക്കളും ചഞ്ചൽ, ഹണി എന്നിവർ സഹോദരങ്ങളുമാണ്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments