അയർലണ്ടിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവരിൽ മൂന്നിലൊന്ന് പേരും ഇന്റർവ്യൂവിന് ഹാജരാകുന്നില്ലെന്ന് റിപ്പോർട്ട്

By Rose Malayalam Desk

അയര്‍ലണ്ടില്‍ പൊതുമേഖലയില്‍ ജോലിക്കായി അപേക്ഷിക്കുന്ന മൂന്നിലൊന്ന് പേരും ഇന്റര്‍വ്യൂവിനോ, ഓണ്‍ലൈന്‍ പരിശോധനയ്‌ക്കോ എത്താതിരിക്കുകയോ, അപേക്ഷ പിന്‍വലിക്കുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട്. പബ്ലിക് ജോബ് സര്‍വീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2024-25-ലെ റിക്രൂട്ട്‌മെന്റിനായി ഒരു ലക്ഷത്തിലധികം അപേക്ഷകരെയാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇതില്‍ 30,000-ലധികം പേര്‍ ഇന്റര്‍വ്യൂവിന് എത്താതിരിക്കുകയോ, അപേക്ഷ പിന്‍വലിക്കുകയോ ചെയ്തു. കുറഞ്ഞ ശമ്പളം, ഉയര്‍ന്ന കാത്തിരിപ്പ് സമയം മുതലായവയാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചതെന്ന് അപേക്ഷകര്‍ പിന്നീട് നടന്ന സര്‍വേയില്‍ പ്രതികരിച്ചിട്ടുണ്ട്.

ഗാര്‍ഡ റിക്രൂട്ട്‌മെന്റിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി ഉണ്ടായിട്ടുള്ളതെന്നും വിവരാവകാശനിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 6,600 അപേക്ഷകരെയാണ് ഗാര്‍ഡയില്‍ ചേരാനായുള്ള ആദ്യ ഘട്ടമായ ഓണ്‍ലൈന്‍ ടെസ്റ്റിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഇതില്‍ 3,200 പേരും ടെസ്റ്റിന് ഹാജരായില്ല. ടെസ്റ്റിന് ശേഷമുള്ള ഇന്റര്‍വ്യൂവിലേയ്ക്ക് 3,000 പേരെ തിരഞ്ഞെടുത്തിരുന്നെങ്കിലും 728 പേര്‍ പങ്കെടുക്കാതെ വരികയും ചെയ്തു.

2024-ലും സമാനമായി 6,350 പേരെ ഓണ്‍ലൈന്‍ ടെസ്റ്റിന് വിളിച്ചതില്‍ 3,000-ലധികം പേരും ഹാജരായില്ല.

സിവില്‍ സര്‍വീസ് ജോലികള്‍ക്കായുള്ള റിക്രൂട്ട്‌മെന്റുകളിലും ഇതേ അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഒരു ഉയര്‍ന്ന ജോലിയിലേയ്ക്ക് കഴിഞ്ഞ വര്‍ഷം 266 പേരെ ഇന്റര്‍വ്യൂവിന് ക്ഷണിച്ചെങ്കിലും 97 പേര്‍ പങ്കെടുക്കാനെത്തിയില്ല. മറ്റൊരു ജോലിക്കായി 461 പേരെ ഇന്റര്‍വ്യൂവിന് ക്ഷണിച്ചപ്പോള്‍ 131 പേര്‍ ഹജരാകാതെ മാറി നിന്നു.

ഒരു ട്രെയിനീ ഓഡിറ്റര്‍ ജോലിക്കുള്ള ഇന്റര്‍വ്യൂവിന് ക്ഷണിക്കപ്പെട്ടവരില്‍ 40 ശതമാനത്തിലധികം പേരാണ് ഇത്തരത്തില്‍ എത്താതിരുന്നത്. മറ്റൊരു ജോലിക്ക് ഒരു പ്രസന്റേഷന്‍ നടത്താനായി ക്ഷണിക്കപ്പെട്ട 300 പേരില്‍ 127 പേരും പങ്കെടുക്കാതിരുന്ന സംഭവമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യമേഖലയിലും സമാനമായി ജോലിക്ക് അപേക്ഷിച്ചിട്ടും പലരും ഇന്റര്‍വ്യൂവിന് എത്താത്ത സ്ഥിതിവിശേഷമുണ്ട്. ഡോക്ടര്‍മാരടക്കം ഇത്തരത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകാതെ അപേക്ഷ പിന്‍വലിച്ചിട്ടുണ്ട്.

ശമ്പളം, കാത്തിരിപ്പ് സമയം എന്നിവയ്ക്ക് പുറമെ ഇന്റര്‍വ്യൂ നടക്കുമ്പോഴേയ്ക്കും അപേക്ഷകര്‍ വേറെ ജോലിയില്‍ പ്രവേശിക്കുക, ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കാതിരിക്കുക എന്നിവയും ഈ സ്ഥിതിക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ ജോലി ശരിയായി മനസിലാക്കാതെ അപേക്ഷ നല്‍കിയതിന് ശേഷവും ഇന്റര്‍വ്യൂവിന് വരാതിരിക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments