വാട്ടർഫോർഡ്: മലയാള നാടകവേദിയുടെ ചരിത്രവഴികളിലൂടെയുള്ള ഒരു സഞ്ചാരമായിരുന്നു അത്. അരങ്ങിൽ പുരുഷൻ സ്ത്രീയായി വേഷപ്പകർച്ച നടത്തിയിരുന്ന ഒരു കാലഘട്ടത്തെയും, പിന്നീട് സ്ത്രീകൾ തങ്ങളുടെ ഇടം തിരിച്ചുപിടിച്ച വിപ്ലവകരമായ സന്ദർഭങ്ങളെയും ഒരേപോലെ ഓർത്തെടുത്ത വൈകാരികമായ മുഹൂർത്തങ്ങൾ. ക്രാന്തി (KRANTHI) സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026-ലെ മെയ്ദിന ആഘോഷത്തിന്റെ ഭാഗമായി വാട്ടർഫോർഡിലെ എലൈറ്റ് ഇവന്റ്സ് ഹാളിൽ അരങ്ങേറിയ സന്തോഷ് കീഴാറ്റൂരിന്റെ ‘പെണ്ണ് നടൻ’ എന്ന ഏകാംഗ നാടകം പ്രവാസി മലയാളിക്ക് വേറിട്ടൊരു സാംസ്കാരിക അനുഭവമായി മാറി. ചുവന്ന പട്ടുസാരിയും വലിയ പൊട്ടും ചാർത്തി, അരങ്ങിലെ വെളിച്ചത്തിൽ ആത്മസംഘർഷങ്ങളുടെ കഥ പറഞ്ഞ സന്തോഷ് കീഴാറ്റൂർ, കാഴ്ചകരുടെ ഹൃദയം കീഴടക്കിയാണ് ആട്ടം അവസാനിപ്പിച്ചത്.
ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം:
കേരളത്തിലെ നാടക ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട പേരാണ് ഓച്ചിറ വേലുക്കുട്ടി ആശാന്റേതും പാപ്പുക്കുട്ടി ആശാന്റേതും. സ്ത്രീകൾ പൊതുവേദിയിൽ വരാൻ മടിച്ചിരുന്ന, അല്ലെങ്കിൽ വിലക്കപ്പെട്ടിരുന്ന കാലം. അന്ന് സുന്ദരിമാരായ നായികമാരായി അരങ്ങുവാണത് പുരുഷന്മാരായിരുന്നു. കുമാരനാശാന്റെ ഇതിഹാസ കാവ്യങ്ങളിലെ നായികമാരായ വാസവദത്തയും നളിനിയും സീതയും ലീലയുമെല്ലാം ഇവരിലൂടെയാണ് അരങ്ങിൽ ജീവൻ വച്ചത്. അഭിനയം എന്നത് ഒരു തൊഴിലായി കാണുമ്പോഴും, പെൺവേഷം കെട്ടുന്ന പുരുഷൻ നേരിട്ടിരുന്ന ലിംഗപരമായ പരിഹാസങ്ങളും വ്യക്തിത്വ പ്രതിസന്ധികളും സന്തോഷ് കീഴാറ്റൂർ തന്റെ തീക്ഷ്ണമായ ശരീരഭാഷയിലൂടെ അവതരിപ്പിച്ചു.
ഒരു നാടകം, ഒരാൾ, ഒരായിരം ഭാവങ്ങൾ…..
അരങ്ങിൽ വെളിച്ചം വീണ നിമിഷം മുതൽ സദസ്സ് അക്ഷരാർത്ഥത്തിൽ നിശ്ശബ്ദരായിരുന്നു. പതിവ് നാടകങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, കാണികളെ വിസ്മയിപ്പിച്ചുകൊണ്ട് നാടകം തുടങ്ങുന്നത് ചമയമുറിയിൽ നിന്നാണ്.
അരങ്ങിലെ കണ്ണാടിക്ക് മുന്നിൽ ഇരിക്കുന്ന നായകൻ. അവിടെ നിന്നും തുടങ്ങുകയാണ് ഒരു മഹാവിസ്മയം. അത് വെറുമൊരു വേഷംമാറൽ മാത്രമായിരുന്നില്ല; ഉടലുകൊണ്ടും ഉയിരുകൊണ്ടുമുള്ള സമാനതകളില്ലാത്ത ഒരു വേഷപകർച്ച. കണ്ണാടി നോക്കി സൂക്ഷ്മതയോടെ പുരികം വരയ്ക്കുമ്പോഴും, സിന്ദൂരം തൊടുമ്പോഴും അയാളുടെ ശരീരഭാഷ മാറാൻ തുടങ്ങുന്നു. ഒരു പുരുഷന്റേതായ പരുക്കൻ ചലനങ്ങളിൽ നിന്ന്, ഒരു നായികയുടെ അതിലോലമായ ശൃംഗാരത്തിലേക്കും നാണത്തിലേക്കും, പെൺചലനങ്ങളിലേക്കുമുള്ള ചുവടുമാറ്റം….

നാടകത്തിന്റെ വൈകാരികമായ മറ്റൊരു തലം വെളിപ്പെടുന്നത് പ്രണയിനിയായ ശാരദ അയാൾക്ക് എഴുതുന്ന വരികളിലൂടെയാണ്. ആ വരികൾ സദസ്സിന്റെ ഹൃദയത്തിൽ ഒരു നോവായി പടർന്നു:
“ആത്മാവിന്റെ അസ്തിത്വം പോലും ചാരമാകുന്ന കർമ്മമാണ് പ്രണയമെങ്കിൽ ഇതാ അതെന്നിലും സംഭവിച്ചിരിക്കുന്നു. പ്രണയം കൊണ്ട് നിങ്ങൾ എന്റെ കണ്ണുതുറന്നു. പ്രണയം കൊണ്ട് നിങ്ങൾ എന്നെ അന്ധയാക്കുകയും ചെയ്തു. എനിക്കൊന്നു കാണണം ആശാന്റെ നളിനിയെ, സീതയെ, വാസവദത്തയെ. ഞാൻ നാടകക്കൊട്ടയുടെ പിന്നിലുണ്ട്….. എന്ന് ശാരദ.”
അരങ്ങിൽ നായികയായി കൈയടി നേടുമ്പോഴും, അരങ്ങൊഴിയുമ്പോൾ നേരിടുന്ന ഏകാന്തത അതിഭീകരമാണ്. ചമയമുറിയിലെ മങ്ങിയ വെളിച്ചത്തിൽ, കണ്ണാടിക്ക് മുന്നിലിരുന്ന് മുഖത്തെ ചായങ്ങൾ ഓരോന്നായി തുടച്ചു മാറ്റുമ്പോൾ അയാൾ അനുഭവിക്കുന്ന ശൂന്യത…. ഒരു സ്ത്രീയുടെ ഉടലിൽ നിന്നും തിരികെ തന്റെ യഥാർത്ഥ പുരുഷ രൂപത്തിലേക്കുള്ള മടക്കയാത്ര…രാത്രിയിൽ അരങ്ങിൽ അയാളുടെ ശൃംഗാര ഭാവങ്ങൾ കണ്ട് ആസ്വദിച്ച അതേ ആളുകൾ തന്നെ, പകൽ വെളിച്ചത്തിൽ അയാളെ കാണുമ്പോൾ പരിഹാസത്തോടെ മുഖം തിരിക്കുന്നു. “പെണ്ണുകെട്ടിയവൻ” എന്നും “പെണ്ണിന്റെ ചുവടുള്ളവൻ” എന്നുമുള്ള നാട്ടുകാരുടെ കുത്തുവാക്കുകൾ…സമൂഹത്തിൽ നിന്നു മാത്രമല്ല, സ്വന്തം വീട്ടിൽ നിന്നുപോലും, സ്വന്തം ഭാര്യയിൽ നിന്നുപോലും നേരിടേണ്ടി വരുന്ന ഒറ്റപ്പെടലും അപമാനവും …പകൽ മുഴുവൻ പുരുഷനായി ജീവിച്ചു തീർക്കാനുള്ള തത്രപ്പാടിനിടയിലും, അയാളുടെ ഉള്ളിൽ എവിടെയോ ആ “പെൺഭാവങ്ങൾ”ഉറങ്ങിക്കിടപ്പുണ്ടാകും. അപമാനങ്ങളുടെ ഈ ഭാരം മുഴുവൻ പേറിക്കൊണ്ടാണ് ഓരോ പെൺനടനും വീണ്ടും വീണ്ടും അരങ്ങിലെ ആ വർണ്ണപ്പൊലിമയിലേക്ക് അഭയം തേടിയിരുന്നത്….

ഈ കലാസൃഷ്ടിയുടെ ജീവൻ സന്തോഷ് കീഴാറ്റൂർ എന്ന നടനാണ്….വേദിയിൽ നിറഞ്ഞാടുന്ന ഈ അതുല്യ പ്രതിഭയുടെ അസാമാന്യ അഭിനയമികവ് തന്നെയാണ്…അദ്ദേഹത്തിന്റെ ശരീരഭാഷയിലെ ലാളിത്യവും, ശബ്ദനിയന്ത്രണവും അതിശയിപ്പിക്കുന്നതാണ്. ശബ്ദത്തിൽ മാത്രമല്ല, ഓരോ സൂക്ഷ്മ ചലനങ്ങളിൽ പോലുമുണ്ട് ആ വിസ്മയിപ്പിക്കുന്ന മാറ്റം.
അരങ്ങൊഴിഞ്ഞിട്ടും അടങ്ങാത്ത ഹർഷാരവമായിരുന്നു ഹാളിൽ. വാട്ടർഫോർഡിന്റെ അതിരുകൾക്കപ്പുറം അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനസമൂഹം നൽകിയ ഈ ഹൃദയപൂർവ്വമായ ആദരം, കാലത്തെയും കലയെയും വെല്ലുവിളിച്ച ആ വേഷപ്പകർച്ചയ്ക്കുള്ള അംഗീകാരമായി മാറി. ചായങ്ങളില്ലാത്ത നടനായി അദ്ദേഹം വീണ്ടും വേദിയിലെത്തിയപ്പോഴും പ്രകമ്പനം കൊണ്ട ആ ഹർഷാരവം പ്രവാസി മലയാളികൾ മലയാള നാടകവേദിയെ എത്രത്തോളം നെഞ്ചിലേറ്റുന്നു എന്നതിന്റെ തെളിവുകൂടിയായിരുന്നു.
തൊഴിലെടുക്കുന്നവന്റെ അവകാശ പോരാട്ടങ്ങളെ ഓർമ്മിപ്പിക്കുന്ന മെയ് ദിനത്തിൽ ഇത്തരമൊരു ഗംഭീര സാംസ്കാരിക സംഗമം ഒരുക്കിയ ‘ക്രാന്തി’യുടെ സംഘാടന മികവ് ഏറെ പ്രശംസ പിടിച്ചുപറ്റി. കലയെന്ന തൊഴിലിനെക്കുറിച്ചും ആ രംഗത്തെ വിവേചനങ്ങളെക്കുറിച്ചും സംസാരിച്ച നാടകം രാഷ്ട്രീയമായി വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നത്. ഒരു കാലത്ത് അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾ എങ്ങനെ അരങ്ങിൽ കരുത്തായി മാറി എന്നത് എല്ലാവരിലും ആവേശം പകരുന്ന കാഴ്ചയായിരുന്നു. ഇത് ഒരു നടന്റെ മാത്രം കഥയല്ല, മറിച്ച് മലയാളിയുടെ സാംസ്കാരിക ചരിത്രത്തിലെ മറവിയിലേക്ക് പോയ ഒരു വലിയ വിഭാഗം കലാകാരന്മാരുടെ ആത്മകഥയാണ്. വേഷങ്ങൾക്കും ചമയങ്ങൾക്കും അപ്പുറം മനുഷ്യനെ തിരിച്ചറിയാൻ പ്രേരിപ്പിക്കുന്ന ഒരു ഉത്തമ സൃഷ്ടി! നാടകവും സംഗീതവും രാഷ്ട്രീയവും ഒത്തുചേർന്ന ഈ സന്ധ്യ ആസ്വാദകരുടെ മനസ്സിൽ കാലങ്ങളോളം മായാതെ നിൽക്കുന്ന ഒരു സാംസ്കാരിക വിരുന്നായി എന്നെന്നും ഓർമ്മിക്കപ്പെടും…

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments