അയർലണ്ടിൽ ഗാർഡകൾക്ക് നേരെ കരുതിക്കൂട്ടിയുള്ള ആക്രമണങ്ങൾ പെരുകുന്നു

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഗാര്‍ഡകള്‍ക്കെതിരായ ആക്രമണങ്ങള്‍ പതിവാകുന്നതായി ഗാര്‍ഡ റെപ്രസന്റേറ്റീവ്‌സ് അസോസിയേഷന്‍ (GRA). കഴിഞ്ഞ ഞായറാഴ്ച വെസ്റ്റ് ഡബ്ലിനില്‍ അശ്രദ്ധമായി ഇ-ബൈക്ക് ഓടിക്കുകയായിരുന്ന കൗമാരക്കാരനെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഗാര്‍ഡയ്ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ഗാര്‍ഡകള്‍ നേരിടുന്ന ദുരവസ്ഥ വ്യക്തമാക്കിക്കൊണ്ട് അസോസിയേഷന്‍ രംഗത്തുവന്നിരിക്കുന്നത്.

ഡബ്ലിനില്‍ ഇ-ബൈക്ക് ഇടിച്ച് പരിക്കേറ്റത് തന്റെ 20-കളില്‍ പ്രായമുള്ള ഒരു ഗാര്‍ഡ അംഗമായിരുന്നു എന്നും, അദ്ദേഹം കരിയര്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ എന്നും GRA പ്രതിനിധിയായ മാര്‍ക്ക് ഫെറിസ് ന്യൂസ് ടോക്കിനോട് സംസാരിക്കവെ പറഞ്ഞു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനാണ് അപകടം സംഭവിച്ചിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് തുന്നല്‍ ആവശ്യമായി വന്നു എന്നും ഫെറിസ് കൂട്ടിച്ചേര്‍ത്തു.

ഗാര്‍ഡകള്‍ ദിവസേന നേരിടുന്ന അപകട സാഹചര്യങ്ങളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഇതെന്നും ഫെറിസ് വ്യക്തമാക്കി. ഒരു പരിധി വരെ അപകടം നിറഞ്ഞത് തന്നെയാണ് ഈ ജോലിയെന്ന് ഗാര്‍ഡ അംഗങ്ങള്‍ തന്നെ മനിലാക്കുന്നുണ്ടെങ്കിലും, ഗാര്‍ഡകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് വളരെ ആശങ്കാജനകമാണ്. ഇത്തരം കരുതിക്കൂട്ടിയുള്ള ആക്രമണത്തിന് പാത്രമാകാതെ അംഗങ്ങള്‍ക്ക് ഡ്യൂട്ടി ചെയ്യാന്‍ സാധിക്കണമെന്നും ഫെറിസ് വ്യക്തമാക്കി.

ഗാര്‍ഡകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ വേണമെന്നും GRA സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments