തങ്ങളുടെ സംഘടനയിലെ നഴ്‌സുമാര്‍ HSE-യെയോ സര്‍ക്കാരിനെയോ വിശ്വസിക്കുന്നില്ലെന്ന് Irish Nurses and Midwives Organisation (INMO) ജനറല്‍ സെക്രട്ടറി Phil Ní Sheaghdha. ആദ്യം നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടതെന്നും, ഈയിടെയായി നഴ്‌സുമാര്‍ക്ക് എതിരായ ശാരീരികവും, വാക്കാലുമുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും RTE Radio Morning-നോട് സംസാരിക്കവെ അവര്‍ വ്യക്തമാക്കി.
നഴ്‌സുമാര്‍ക്കെതിരായി ആക്രമണങ്ങള്‍ നടക്കുന്ന കാര്യം HSE-ക്ക് അറിയാം. Health and Safety Authority-ക്കും ഇക്കാര്യമറിയാം. കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഏറെക്കാലമായി ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ആക്രമണങ്ങള്‍ നടത്തിയാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ആശുപത്രികളില്‍ ബോര്‍ഡെഴുതി വയ്ക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല. പ്രത്യാഘാതങ്ങള്‍ ഉണ്ടാകണം.- Sheaghdha പറഞ്ഞു.
നഴ്‌സുമാര്‍ പലരും ജോലി വിട്ടുപോകുന്നതിന് കാരണം അവര്‍ക്ക് ആവശ്യമായ പിന്തുണ അധികൃതരില്‍ നിന്നും ലഭിക്കാത്തത് കാരണമാണെന്നും Sheaghdha ചൂണ്ടിക്കാട്ടി. തങ്ങളുടെ തൊഴിലിടം സുരക്ഷയില്ലാത്തതാണെന്നാണ് നഴ്‌സുമാര്‍ കരുതുന്നതെന്നും, പലരും ഷിഫ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് തളരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ നഴ്‌സുമാരെ ആവശ്യമാണെന്ന് ദൈവത്തിന് അറിയാം. നിലവില്‍ ഏകദേശം 5,000-ഓളം നഴ്‌സുമാരുടെ കുറവാണിവിടെ അനുഭവപ്പെടുന്നത്. നഴ്‌സുമാരെ ജോലിയില്‍ തുടരാന്‍ പ്രേരിപ്പിക്കുക എന്നത് തൊഴില്‍ദാതാവായ HSE-യുടെ ഉത്തരവാദിത്തമാണ്. ബജറ്റില്ല എന്ന കാരണം പറഞ്ഞ് പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത് ശരിയല്ലെന്നും, അത് രോഗികള്‍ കൂടുതല്‍ സമയം ചികിത്സയ്ക്കായി കാത്തിരിക്കാന്‍ ഇടയാക്കുമെന്നും Sheaghdha മുന്നറിയിപ്പ് നല്‍കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments