അപ്രതീക്ഷിത നീക്കത്തിൽ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് മാക്രോൺ; ഫ്രാൻസിൽ ജൂൺ 30-നു പൊതു തെരഞ്ഞെടുപ്പ്

By Rose Malayalam Desk

ഫ്രാന്‍സില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തന്റെ പാര്‍ട്ടിയടങ്ങുന്ന മുന്നണിയെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ വലിയ വ്യത്യാസത്തില്‍ തോല്‍പ്പിക്കുമെന്ന് എക്‌സിറ്റ് പോളുകളും, മറ്റ് വിലയിരുത്തലുകളും ഉണ്ടായതോടെയാണ് ധൃതിയില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് മാക്രോണ്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ ജൂണ്‍ 30-ന് ഫ്രാന്‍സ് പൊതുതെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങും.

‘തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ [യൂറോപ്യന്‍] ഭൂഖണ്ഡത്തിലെങ്ങും വളര്‍ന്നുവരികയാണ്. ഈ അവസരത്തില്‍ എനിക്ക് സ്വയം രാജി വയ്ക്കാന്‍ കഴിയില്ല,’ മാക്രോണ്‍ പറഞ്ഞു.

‘നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഞാന്‍ അവസരം നല്‍കുകയാണ്… അതിനാല്‍ ഞാന്‍ ദേശീയ അസംബ്ലി ഇന്ന് രാത്രി പിരിച്ചുവിടുന്നു.’ അദ്ദേഹം വിശദീകരിച്ചു.

ഏറ്റവും നല്ല തീരുമാനം എടുക്കാനുള്ള ഫ്രഞ്ച് ജനതയുടെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുന്നതായി പറഞ്ഞ മാക്രോണ്‍, പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം ഗൗരവകരവും, ഭാരമേറിയതുമാണെങ്കിലും താന്‍ ആത്മവിശ്വാസത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 6 മുതല്‍ 9 വരെയാണ് യൂറോപ്യന്‍ യൂണിയനിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ വിവിധ രാജ്യങ്ങളിലായി നടന്നത്. അതിന്റെ ഫലങ്ങള്‍ പുറത്തുവരാനിരിക്കുകയാണ്. ഫലം വരുമ്പോള്‍ ഫ്രാന്‍സില്‍ മാക്രോണിന്റെ പാര്‍ട്ടിയെക്കാള്‍ ഇരട്ടി വോട്ടുകള്‍ തീവ്രവലതുപക്ഷ പാര്‍ട്ടി നേടുമെന്നാണ് എക്‌സിറ്റ് പോളുകള്‍.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments