ബാര്‍ കോഴ…മന്ത്രി കെ. ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍ ലൈസന്‍സ് ഫീസ് മുപ്പത് ലക്ഷം രൂപയായി ഉയര്‍ത്താതിരിക്കാന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് എസ്.പി: കെ.എം.ആന്റണിയാണ് റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ മന്ത്രി ബാബുവില്‍നിന്ന് കഴിഞ്ഞ വ്യാഴാഴ്ച വിജിലന്‍സ് മൊഴിയെടുത്തിരുന്നു. മന്ത്രിക്ക് പത്തുകോടി രൂപ കൊടുത്തെന്നും മന്ത്രിയുടെ ഓഫീസില്‍ വച്ചാണ് തുക കൈമാറിയതെന്നുമായിരുന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശിന്റെ ആരോപണം.

ബാര്‍ ലൈസന്‍സ് ഫീസ് മുപ്പത് ലക്ഷമായി കൂട്ടാന്‍ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ല. 22 ലക്ഷമായിരുന്നു ലൈസന്‍സ് ഫീസ്. അത് 23 ലക്ഷമായി ഉയര്‍ത്തിയത് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഉന്നത എക്‌സൈസ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമാണ്. ഈ യോഗത്തിന്റെ മിനിട്‌സ് വിജിലന്‍സ് വിശദമായി പരിശോധിച്ചതില്‍ മുപ്പത് ലക്ഷമായി ഉയര്‍ത്തുന്നതിനുള്ള ഒരു നിര്‍ദ്ദേശവും യോഗത്തില്‍ വന്നിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. മാത്രമല്ല, യോഗത്തില്‍ പങ്കെടുത്ത നികുതി വകുപ്പ് സെക്രട്ടറിയുടെയും എക്‌സൈസ് കമ്മിഷണറുടെയും മൊഴികളും രേഖപ്പെടുത്തി. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുമായുള്ള മന്ത്രിയുടെ ചര്‍ച്ചയില്‍ ഒരു ഘട്ടത്തിലും ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്ന കാര്യം വന്നിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസില്‍ വച്ച് തുക കൈമാറിയെന്നത് അടിസ്ഥാന രഹിതമാണെന്നാണ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും വിജിലന്‍സിന്റെ വിലയിരുത്തല്‍. പത്ത് കോടി രൂപ അടങ്ങുന്ന ബാഗ് ബാറുടമകളില്‍ നിന്ന് വാങ്ങിയ മന്ത്രി ഉടനേ തന്റെ െ്രെപവറ്റ് സെക്രട്ടറി ആര്‍. സുരേഷിനെ ഏല്പിച്ചെന്നും പിന്നീട് പുറത്തിറങ്ങിയ താന്‍ സുരേഷ് ഈ ബാഗ് സെക്രട്ടേറിയറ്റ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കൊണ്ടുവയ്ക്കുന്നത് കണ്ടുവെന്നുമാണ് ബിജു രമേശിന്റെ മൊഴി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും വിജിലന്‍സ് പറയുന്നു.

Share this news

Leave a Reply

%d bloggers like this: