കരിപ്പൂര്‍:ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും;നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സണ്ണിതോമസ് ,അജികുമാര്‍ എന്നീ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ഇവരുടെ ആരോഗ്യനില കൂടി പരിഗണിച്ചാവും അറസ്റ്റ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനിലയെകുറിച്ച് പൊലീസ് ഡോക്ടര്‍മാരോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഒമ്പത് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കൊണ്ടോട്ടി കോടതിയില്‍ ഹാജരാക്കും.സംഭവത്തെക്കുറിച്ചുള്ള ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.

സംഘര്‍ഷത്തിനിടെ സിഐഎസ്എഫ് എസ് ഐ വെടിയേറ്റുവീഴുന്ന നിര്‍ണ്ണായക ദൃശ്യം ഇന്നലെ പുറത്ത് വന്നിരുന്നു . സഹപ്രവര്‍ത്തകനെ പിടിച്ചുമാറ്റുമ്പോള്‍ എസ്എസ് യാദവിന് വെടിയേല്‍ക്കുന്നതായാണ് ദൃശ്യം വ്യക്തമാക്കുന്നത് .ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍്‌ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സംഘര്‍ഷത്തിനിടെ സിഐഎസ്എഫ് എസ് ഐ വെടിയേറ്റുവീഴുന്ന നിര്‍ണ്ണായക ദൃശ്യമാണ് പുറത്തു വന്നത്. വെടിവയ്പിന് മുമ്പ് സിഐഎസ്എഫ് ഫയര്‍ഫോഴസ് ജീവനക്കാര്‍ ഏറ്റുമുട്ടന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

സംഭവദിവസം രാത്രി 9.44 ന് എസ്എസ് യാദവിന് വെടിയേല്‍ക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. എയര്‍ട്രാഫിക് കണ്‍ട്രോളര്‍ ഗേറ്റിന് സമീപം ഏറ്റുമുട്ടുന്ന ഫയര്‍ഫോഴസ് ജീവനക്കാരേയും, സഹപ്രവര്‍ത്തകന്‍ സീതാറാം ചൗധരിയേയും പിടിച്ചുമാറ്റാന്‍ യാദവ് കസേരയില്‍ നിന്ന് എഴുന്നേറ്റ് പോകുന്നു. സംഘര്‍ഷത്തിനിടെ അദ്ദേഹം വെടിയേറ്റ് പിന്നോട്ട് വീഴുന്നതാണ് പിന്നീട് കാണുന്നത്. സീതാറാം ചൗധരിയുടെ തോക്കില്‍ നിന്ന് പെട്ടിയ വെടി എസ്എസ് യാദവിന്റെ മുഖത്ത് കൊള്ളുകയായിരുന്നു. എന്നാല്‍ എങ്ങനെ വെടികൊള്ളുന്നുവെന്ന് ദൃശ്യത്തില്‍ വ്യക്തമല്ല.

രാത്രി 9.37 ന് രേഖപ്പെടുത്തിയ സിസിടിവി ദൃശ്യമാണ് സംഭവങ്ങളുടെ തുടക്കം വിശദീകരിക്കുന്നത്. ഗേറ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ഫയര്‍ഫോഴ്‌സ് ജീവനക്കാരനും സിഐഎസ്എഫ് എസ് ഐ സീതാറാം ചൗധരിയും തമ്മില്‍ വാക്കേറ്റമുണ്ടാവുന്നു പിന്നീട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ സീതാറാം ചൗധരി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും തൊട്ടടുത്തുള്ള മുറിയിലേക്ക് ഓടിച്ചു കയറ്റുകയും ചെയ്യുന്നു. 9. 43ന് രേഖപ്പെടുത്തിയ ദൃശ്യത്തില്‍ ഫയര്‍ഫോഴസ് ജീവനക്കാര്‍ കൂട്ടത്തോടെ വരികയും സീതാറാം ചൗധരിയെ മര്‍ദ്ദിക്കുകയും ചെയ്യുന്നത് കാണാം . തൊട്ടുപിന്നാലെ വെടി ഒച്ച കേള്‍ക്കുന്നു . ക്യാമറ വലയത്തിന് പുറത്ത് പോയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ തിരികെ വന്ന് വീണ്ടും സിഐഎസ്എഫുമായി ഏറ്റുമുട്ടുന്നതും, പിന്നാലെ സീതാറാം ചൗധരി തന്റെ കൈയിലിരുന്ന തോക്ക് മറ്റൊരു സിഐഎസ്എഫ് ജവാന് കൈ മാറുന്നതും ദൃശ്യങ്ങളിലുണ്ട് .
-എജെ-

Share this news

Leave a Reply

%d bloggers like this: