തായ്‌വാനിൽ ഭൂചലനങ്ങളും 80-ഓളം തുടർചലനങ്ങളും; കെട്ടിടങ്ങൾ തകർന്നു

തായ്‌വാനില്‍ തുടര്‍ച്ചയായ ഭൂചലനം. രാജ്യത്തെ കിഴക്കന്‍ കൗണ്ടിയായ ഹ്യുവേലിയനെയാണ് ഭൂചലനം പ്രധാനമായും ബാധിച്ചത്. ഏപ്രില്‍ 3-ന് ഇവിടെ 7.2 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂകമ്പത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തത് ആശ്വാസകരമാണ്.

തിങ്കളാഴ്ചയും, ചൊവ്വാഴ്ച പുലര്‍ച്ചെയുമായി 80 തവണയോളം ഉണ്ടായ ഭൂചലനങ്ങളിലും, തുടര്‍ചലനങ്ങളിലും കെട്ടിടങ്ങളും മറ്റും തകര്‍ന്നു. രാജ്യതലസ്ഥാനമായ തായ്‌പേയിലും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. 6.3 തീവ്രതയാണ് ഏറ്റവും ശക്തമായ ഭൂചലനത്തിന് ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച ഹ്യുവേലിയന്റെ തെക്കന്‍ പ്രദേശത്ത് ഉണ്ടായ ഭൂചലനത്തിന് 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. 28 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനമുണ്ടായതിന് ശേഷം ആറോളം തുടര്‍ചലനങ്ങളുമുണ്ടായി.

അതേസമയം ഭൂമികുലുക്കത്തെ ചെറുക്കാനായി തായ്‌വാന്‍ നടത്തിയിട്ടുള്ള തയ്യാറെടുപ്പുകളാണ് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകാതെ കാത്തത്. കെട്ടിടനിര്‍മ്മാണത്തിലടക്കം ഭൂചലനത്തെ മറികടക്കാനുള്ള കര്‍ശന മാനദണ്ഡങ്ങളുണ്ട്. 23 മില്യണ്‍ ജനങ്ങളാണ് രാജ്യത്തെ അന്തേവാസികള്‍.

1999-ല്‍ തായ് വാനില്‍ 7.7 തീവ്രതയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 2,400 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: