HSE ചീഫ് മെഡിക്കൽ ഓഫിസർ സ്ഥാനമൊഴിയുന്നു; നിയമിതയായി 18 മാസത്തിന് ശേഷം രാജി

അയര്‍ലണ്ടിലെ HSE ചീഫ് മെഡിക്കല്‍ ഓഫിസറായ പ്രൊഫ. ബ്രെന്‍ഡ സ്മിത്ത് സ്ഥാനമൊഴിയുന്നു. റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് അയര്‍ലണ്ടില്‍ (RCSI) പ്രൊഫസറായി നിയമിതയാകുന്നതോടെയാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ സ്ഥാനം ഏറ്റെടുത്ത് 18 മാസത്തിന് ശേഷം സ്മിത്ത് പടിയിറങ്ങുന്നത്.

2022-ല്‍ ഡോ. ടോണി ഹോലഹാന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് HSE ഇടക്കാല മേധാവിയായി സേവനമനുഷ്ഠിച്ച സ്മിത്ത്, അതേ വര്‍ഷം ഒക്ടോബറിലാണ് ചീഫ് മെഡിക്കല്‍ ഓഫിസറായി സ്ഥാനമേല്‍ക്കുന്നത്. ഇതിന് മുമ്പ് യൂണിവേഴ്‌സിറ്റി ഓഫ് ഗോള്‍വേ-യില്‍ പബ്ലിക് ഹെല്‍ത്ത് മെഡിസിന്‍ പ്രൊഫസറായും, HSE West-ല്‍ പബ്ലിക് ഹെല്‍ത്ത് കണ്‍സള്‍ട്ടന്റായും ജോലി ചെയ്തിരുന്നു.

കോവിഡ് കാലത്ത് National Public Health Emergency Team (Nphet) അംഗമായും, വിദഗ്ദ്ധ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ച സമിത്ത്, ആന്റിജന്‍ ടെസ്റ്റുകളുടെ മേല്‍നോട്ടവും നിര്‍വ്വഹിച്ചിരുന്നു.

കോവിഡിന് ശേഷം നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് HSE-യില്‍ നിന്നും രാജിവച്ച് മറ്റ് ജോലികളിലേയ്ക്ക് തിരിഞ്ഞത്. കോവിഡ് പ്രതിരോധത്തില്‍ വലിയ പങ്കുവഹിച്ച ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫിസറായ ഡോ. റൊണാന്‍ ഗ്ലിന്‍ 2022-ല്‍ രാജിവച്ച് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാനാരംഭിച്ചിരുന്നു. മുന്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ടോണി ഹോലഹാന്‍ ഡബ്ലിന്‍ ട്രിനിറ്റി കോളജില്‍ പ്രൊഫസറായും ജോലിയാരംഭിച്ചു.

Share this news

Leave a Reply