ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ ബി.ജെ.പി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് എല്‍.കെ.അദ്വാനി രംഗത്തെത്തി. ഹവാല ആരോപണം ഉയന്നപ്പോള്‍ താന്‍ രാജിവെച്ചതായും അദ്വാനി ചൂണ്ടിക്കാട്ടുന്നു. ലളിത് മോദി വിവാദത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, വിദേശകാര്യ മന്ത്രി സുഷമസ്വരാജ്, വ്യാജ ബിരുദ വിവാദത്തില്‍ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, അഴിമതി ആരോപണത്തില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ എന്നിവരുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍കെ.അദ്വാനിയുടെ പരാമര്‍ശം.
1996ല്‍ ഹവാല ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ എം.പി സ്ഥാനം രാജിവെച്ചിരുന്നവെന്ന് അദ്വാനി അഭിപ്രായപ്പെട്ടു. പിന്നീട് കുറ്റക്കാരനല്ലെന്ന് തെളിയിച്ച ശേഷം 1998ല്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു. ആനന്ദ്ബസാര്‍ പത്രികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നേതൃത്വത്തിനെതിരെയുള്ള അദ്വാനിയുടെ പരോക്ഷ വിമര്‍ശനം. തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ രാജിവെക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. അന്ന് രാജിവെക്കരുതെന്ന് വാജ്പേയി ആവശ്യപ്പെട്ടെങ്കിലും രാജിവെക്കാനുള്ള തീരുമാനിത്തില്‍ തന്നെ ഉറച്ചുനിന്നുവെന്നും പറയുന്നു. വസുന്ധരയുടെയും സുഷമസ്വരാജിന്റെയും രാജിക്കാര്യത്തില്‍ ഒരു അഭിപ്രായവും പറയാനില്ലെന്നും അദ്വാനി വ്യക്തമാക്കുന്നു. ഇപ്പോള്‍ തീരുമാനം പറയാന്‍ താന്‍ ആളല്ലെന്നും അദ്വാനി പറഞ്ഞു.
അദ്വാനിയുടെ പരാമര്‍ശങ്ങള്‍ ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്. ഇതിനിടെ വസുന്ധരയെയും സുഷമസ്വരാജിനെയും രാജിവെപ്പിക്കുന്നതിന് പകരം ലളിത് മോദിയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്ന് വിവാദങ്ങളുടെ മുനയൊടിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയതായാണ് സൂചന. ലളിത് മോദി വിവാദത്തില്‍ വസുന്ധര രാജെയുടേയോ, സുഷമസ്വരാജിന്റേയോ രാജി ആവശ്യപ്പെടേണ്ടെന്നാണ് ബി.ജെ.പി തീരുമാനം.