ഗ്രീസ് സാമ്പത്തിക തകര്‍ച്ചയിലേക്ക്; ഓഹരികളില്‍ വന്‍ തകര്‍ച്ച

 

ഏതന്‍സ്: ഗ്രീസ് സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുമോ എന്ന ആശങ്കയില്‍ ആഗോള ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. വായ്പാ തിരിച്ചടവ് കാലാവിധി നാളെ അവസാനിക്കാനിരിക്കെ ഗ്രീസിനു കൂടുതല്‍ സാമ്പത്തിക സഹായം നല്‍കില്ലെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയതാണ് തകര്‍ച്ചക്ക് കാരണം. ഗ്രീസിലെ ബാങ്കുകളും ഏതന്‍സ് ഓഹരി വിപണിയും ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ഇന്ത്യന്‍ ഓഹരിവിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസ് അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നും കടമെടുത്ത 11,200 കോടി രൂപ നാളെ തിരിച്ചടക്കണം. ഗ്രീസിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കില്ലെന്ന് യൂറോപ്യന്‍ സെന്‍ട്രന്‍ ബാങ്ക് വ്യക്തമാക്കിയതോടെ രാജ്യം സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് വീഴുമെന്ന് ഏതാണ്ട് ഉറപ്പായി.
കടബാധ്യത തീര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ച വ്യവസ്ഥകളില്‍ ഹിതപരിശോധന നടത്തുമെന്ന ഗ്രീക്ക് പാര്‍ലമെന്റിന്റെ നിലപാടാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ഇതോടെ ജര്‍മന്‍, ഫ്രഞ്ച്, ബ്രീട്ടീഷ് ഓഹരി വിപണികളെല്ലാം മൂന്ന് ശതമാനത്തോളം നഷ്ടത്തിലേക്ക് വീണു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് ഇന്ന് ഒരു ഘട്ടത്തില്‍ 570 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 170 പോയിന്റും നഷ്ടം നേരിട്ടു.

ഡോളറുമായുള്ള വിനിമയത്തില്‍ യൂറോയുടെ മൂല്യത്തിനും വന്‍ തിരിച്ചടിയേറ്റു. സാമ്പത്തിക പ്രതിസന്ധി നേരിടാനായി ഗ്രീസിലെ ബാങ്കുകളില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുകയ്ക്കും വിദേശ വിനിമയത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 60 യൂറോ മാത്രമാണ് ഒരുദിവസം പിന്‍വലിക്കാനാവുക.
സാമ്പത്തിക പ്രതിസന്ധി മുന്നില്‍ക്കണ്ട് ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതിനാല്‍ എടിഎമ്മുകള്‍ ഇതിനകം കാലിയായിക്കഴിഞ്ഞു.
എന്നാല്‍ നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും, നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് ആവര്‍ത്തിച്ചു. നാളേക്കകം പണം തിരിച്ചടിക്കാനായില്ലെങ്കില്‍ ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും കറന്‍സിയായ യൂറോയില്‍ നിന്നും പുറത്താകും.

-എജെ-

Share this news

Leave a Reply

%d bloggers like this: