മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു

 
കണ്ണൂര്‍: കണ്ണൂരില്‍ മരം കടപുഴകി വീണു വീദ്യാര്‍ഥിനി മരിച്ചു. കാട്ടാമ്പള്ളി സഹനാമന്‍സിലില്‍ താഹയുടെ മകള്‍ നഹിദ(15) ആണു മരിച്ചത്. ബൈക്കിനു മുകളിലേക്കു മരം കടപുഴകി വീണാണു വിദ്യാര്‍ഥിനി മരിച്ചത്. കമ്പില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം. അപകടമുണ്ടായ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് നഹിദയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു വിദ്യാര്‍ഥിനി. വീഴ്ചയില്‍ തലയിടിച്ചു റോഡിലേക്കു വീഴുകയായിരുന്നു.

ശക്തമായ കാറ്റില്‍ മരം കടപുഴകി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്നു പ്ലസ് വണ്ണിനു ചേര്‍ന്നശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു നഹിദ.

കഴിഞ്ഞ ദിവസം കോതമംഗലത്ത് സ്‌കൂള്‍ ബസിനു മുകളിലേക്കു മരം വീണ് അഞ്ചു വിദ്യാര്‍ഥിനികള്‍ മരിച്ചിരുന്നു. ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളെക്കുറിച്ചും ഇവ നീക്കം ചെയ്യാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: