കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരങ്ങാട്ടുപിള്ളി പാറയില്‍ സിബി (40) ആണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച സിബിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിലെ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് സിബിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ സിബി മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മരങ്ങാട്ടുപള്ളി മുന്‍ എസ്‌ഐ കെ. എ. ജോര്‍ജുകുട്ടി സസ്‌പെന്‍ഷനിലാണ്.
യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ആഭ്യന്തര സെക്രട്ടറിയും കോട്ടയം എസ്പിയും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജെ.ബി. കോശി ആവശ്യപ്പെട്ടു.
പോലീസ് മര്‍ദനമാണ് തലയ്ക്ക് പരിക്കേല്‍ക്കാനും ഗുരുതരാവസ്ഥയിലാകാനും കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടന്നിരുന്നു. നടപടി ആവശ്യപ്പെട്ടു സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനടക്കം സിബിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തു. പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതാണ് മരണകാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍.
അതേസമയം സിബിയുടേത് കസ്റ്റഡി മരണമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സിബിയെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് കോട്ടയം എസ്പി എം.പി. ദിനേശും അവകാശപ്പെട്ടു. അയല്‍ക്കാരനുമായുള്ള അടിപിടിക്കിടെയാണ് പരിക്കേറ്റതെന്നും കൈയില്‍ മദ്യക്കുപ്പിയുമായി ബഹളമുണ്ടാക്കിയതിനാലാണു സിബിയെ കസ്റ്റഡിയിലെടുത്തതെന്നും എസ്പി പറഞ്ഞു. അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തതെന്നും എസ്പി വ്യക്തമാക്കി.
കഴിഞ്ഞ 29ന് മരങ്ങാട്ടുപള്ളി സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് മദ്യപിച്ചു ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് സിബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവമറിഞ്ഞ് രാത്രിയോടെ സ്‌റ്റേഷനിലെത്തിയ മാതാപിതാക്കള്‍ വസ്ത്രമില്ലാതെ സ്‌റ്റേഷന്‍ വരാന്തയില്‍ മഴയും നനഞ്ഞു കിടക്കുന്ന മകനെയാണ് കണ്ടത്. കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ വിട്ടയച്ചെങ്കിലും രാത്രി വാഹനമില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകാനായില്ല. തുടര്‍ന്ന് മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് സ്‌റ്റേഷനിലെ പൊലീസുകാര്‍ ഇയാളെ ലോക്കപ്പിലിടുകയായിരുന്നു. പിറ്റേന്ന് രാവിലെ അവശനിലയില്‍ സിബിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ തലയ്ക്ക് മാരകമായ പരിക്കേറ്റതായി തെളിഞ്ഞു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യനില അതീവ ഗുരുതരമായി തുടര്‍ന്നതോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പൊലീസ് മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് തന്നെ സിബിക്ക് പരിക്കേറ്റിരുന്നുവെന്നാണ് പൊലീസ് വാദം. പ്രശ്‌നസാധ്യത കണക്കിലെടുത്ത് മരങ്ങാട്ടുപള്ളി പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
-എജെ-