എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റില്‍ ചികിത്സ ലഭിക്കാനുള്ള കാലതാമസം പാര്‍ലമെന്റില്‍ ചര്‍ച്ചയായി

ഡബ്ലിന്‍: കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ചികിത്സ ലഭിക്കാന്‍ നേരിടുന്ന കാലതാമസം പാര്‍ലമെന്റില്‍ ചര്‍ച്ചയായി. ഏഴുവയസുകാരന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏഴുമണിക്കൂറോളം ചികിത്സയ്ക്കായി കാത്തിരിക്കുകയും അവസാനം ഡോക്ടറെ കാണാതെ മടങ്ങേണ്ടിവരുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് കോര്‍ക്ക് നോര്‍ത്ത് സെന്‍ട്രല്‍ സിന്‍ഫിന്‍ ടിഡ് ജോനാഥന്‍ ഒബ്രെയിനാണ് പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. അടുത്തിടെയുണ്ടായ സംഭവങ്ങള്‍ പലതും രോഗികള്‍ക്ക് ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുവെന്നത് ശരി വയ്ക്കുന്നതാണെന്ന് ഒബ്രെയിന്‍ പറഞ്ഞു.

അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ ഏഴുവയസുകാരന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്െമന്റില്‍ ഏഴുമണിക്കൂറിലധികം കാത്തിരിക്കുകയും പിന്നീട് വെളുപ്പിന് 2.50 ന് ഡോക്ടറെ കാണാന്‍ സാധിക്കാതെ മടങ്ങുകയും ചെയ്തു. മറ്റൊരു കേസില്‍ നട്ടെല്ലിന് ഒടിവുപറ്റിയ 83 വയസുകാരിയായ സ്ത്രീയെ വ്യാഴാഴ്ച രാത്രി 10.30 ന് എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റിലെത്തിച്ചിട്ട് വെള്ളിയാഴ്ച രാവിലെ 8 മണിക്കാണ് CUH ല്‍ അഡ്മിറ്റ് ചെയ്തത്. നട്ടെല്ലിന് പരിക്കേറ്റ് ബുധനാഴ്ച 2 മണിക്ക് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെത്തിയ യുവതി ഡോക്ടറെ കാണാനാകാതെ രാത്രി 11.35 ന് തിരികെ പോകുകയും വ്യാഴാഴ്ച രാവിലെ ഡോക്ടറെ കാണാനെത്തുകയുമായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് യുവതിയുടെ നട്ടെല്ലിന്റെ എക്‌സറേ എടുക്കുകയും ബ്ലഡ് ടെസ്റ്റ് നടത്തുകയും ചെയ്‌തെങ്കിലും പിറ്റേദിവസം രാവിലെ എത്തുമ്പോഴും റിസല്‍ട്ട് ലഭിച്ചിട്ടില്ലായിരുന്നു. ഈ സംഭവങ്ങളെല്ലാം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ രോഗികള്‍ക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ മാത്രമാണ്.

പ്രശ്‌നം പാര്‍ലമെന്റില്‍ ചര്‍ച്ചയായതിനെതുടര്‍ന്ന് ചികിത്സ നല്‍കുന്നതിലുണ്ടായ കാലതാമസം നേരിട്ടതില്‍ എച്ച്എസ്ഇ ഖേദം രേഖപ്പെടുത്തി. അടുത്തിടെയായി CUH യില്‍ തിരക്ക് അധികമാണെന്ന് എച്ച്എസ്ഇ വക്താവ് പറഞ്ഞു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ വരുന്ന രോഗികളില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാകുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണെന്നും എച്ച്എസ്ഇ വക്താവ് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: