യുഎസിലെ രണ്ട് സൈനിക ഓഫീസുകളിലുണ്ടായ വെടിവയ്പില്‍ നാല് നാവികര്‍ കൊല്ലപ്പെട്ടു

ടെന്നസ്സി: യു.എസിലെ ടെന്നസ്സി ചട്ടനൂഗയില്‍ രണ്ട് സൈനിക ഓഫീസുകളിലുണ്ടായ വെടിവയ്പില്‍ നാല് നാവികര്‍ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുഹമ്മദ് യൂസഫ് അബ്ദുള്ളസീസ് (24) എന്നയാളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കുവൈറ്റ് വംശജനായ അമേരിക്കന്‍ പൗരനാണിയാള്‍. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ മുന്‍പ് അറസ്റ്റിലായിട്ടുണ്ട്.

ഭീകരവാദ സ്വഭാവമുള്ളതാണ് ആക്രമണമെന്നും എഫ്.ബി.ഐ ചൂണ്ടിക്കാട്ടി. വെടിവയ്പില്‍ ഒരു പോലീസുകാരനും നാവികനുമടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പ്രദേശിക സമയം രാവിലെ 10.45 ഓടെയായിരുന്നു ആക്രമണം. ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. ഫെഡറല്‍ ബ്യൂറോ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ടെന്നസി അറ്റോര്‍ണി ബില്‍ കില്ലിയന്‍ പറഞ്ഞു. ആക്രമണം ഹൃദയഭേദകമാണെന്ന് പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചു.

ടെന്നസ്സി യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2012ല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയയാളാണ് മുഹമ്മദ് യൂസഫ് അബ്ദുള്ളസീസ്. സ്‌കൂള്‍ പഠനകാലത്ത് റെസ്ലിംഗ് ടീമിലും അംഗമായിരുന്നു ഇയാള്‍. തന്റെ പേര് സൃഷ്ടിക്കുന്ന സുരക്ഷാ വിഷയങ്ങളില്‍ ദുഃഖിതനായിരുന്നുവെന്ന കുറിപ്പ് സ്‌കൂള്‍ ഇയര്‍ബുക്കില്‍ ഇയാള്‍ മുന്‍പ് കുറിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: