ദുര്‍മന്ത്രവാദിയെന്നാരോപിച്ച് ആദിവാസി സ്ത്രീയുടെ കഴുത്തുവെട്ടി

ഗുവാഹത്തി: ആദിവാസി സ്ത്രീയെ ദുര്‍മന്ത്രവാദിയെന്നാരോപിച്ച് കഴുത്തുവെട്ടികൊന്നു. അറുപത്തിമൂന്നു കാരിയുടെ തലവെട്ടിമാറ്റിയാണ് ജനക്കൂട്ടം കുരുതി നടത്തിയത്. അസാമിലെ സോണിത്പൂര്‍ ജില്ലയിലുള്ള ഭിമാജുലി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പോനി ഒറാങ് എന്ന ആദിവാസി സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കര്‍ബി ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ ഇതേ പ്രദേശത്ത് നടക്കുന്ന ഇത്തരത്തിലുള്ള അഞ്ചാമത്തെ സംഭവമാണിത്. ഗ്രാമത്തിലെ മനുഷ്യദൈവമായ അനിമ റോങ്ഖാനി(35) കഴിഞ്ഞ ദിവസം ഗ്രാമവാസികളെ പ്രദേശത്തെ ക്ഷേത്രത്തിലേക്ക് വിളിച്ച് വരുത്തി. ഒറാങ് ഒരു ദുര്‍മന്ത്രവാദിനിയാണെന്നും അവര്‍ ഗ്രാമത്തിന് നാശം വിതയ്ക്കുമെന്നും മറ്റും അനിമ പറഞ്ഞു. ഇത് അന്ധമായി വിശ്വസിച്ച ഇരുനൂറോളം ജനങ്ങള്‍ ഒറാങിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. അവിടെ നിന്നും അവരെ വലിച്ചിഴച്ച് അടുത്തുള്ള അരുവിയിലെത്തിക്കുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ച് കീറിയ ശേഷം പട്ടാപ്പകല്‍ തലവെട്ടി മാറ്റുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് റോങ്ഖാനിയേയും അവരുടെ ഭര്‍ത്താവ്, മൂത്ത സഹോദരി, മറ്റ് നാല് പേര്‍ എന്നിവരേയും അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നൂറോളം സ്ത്രീകളാണ് ദുര്‍മന്ത്രവാദ ആരോപണത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: