ശിരോവസ്ത്രം: സുപ്രീംകോടതി വിധി തെറ്റും വിശ്വാസത്തിന് എതിരുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍; മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ്

 

കോഴിക്കോട്: ശിരോവസ്ത്രം സംബന്ധിച്ച് സുപ്രീം കോടതി നിലപാടിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. സുപ്രീം കോടതി ഉത്തരവ് തെറ്റാണെന്നും വിധി വിശ്വാസത്തിന് എതിരാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. നിലവിളക്ക് കത്തിക്കില്ലെന്ന പാര്‍ട്ടി മുന്‍ നിലപാട് തുടരുമെന്നും ബഷീര്‍ വ്യക്തമാക്കി.

ശിരോവസ്ത്ര വിഷയത്തില്‍ സുപ്രീം കോടതി പരാമര്‍ശങ്ങള്‍ തെറ്റാണ്. മതവിശ്വാസത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ കോടതിക്ക് അവകാശമില്ലെന്നും ഇ ടി പറഞ്ഞു. സുപ്രീം കോടതി അഭിപ്രായം പറഞ്ഞാല്‍ അത് നിയമമായേക്കാം. അതുകൊണ്ടുതന്നെ സുപ്രീം കോടതിയുടെ നിലപാട് തെറ്റാണ്. പഞ്ചായത്ത് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഐഎം വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിളക്ക് കത്തിക്കേണ്ട എന്നാണ് പാര്‍ട്ടി നിലപാട്. ഇതില്‍ മാറ്റമില്ലെന്നും ഇ ടി പറഞ്ഞു.

അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സിബിഎസ്ഇ നടപടി സുപ്രീം കോടതി ശരിവെച്ചിരുന്നു. ഒരു ദിവസം ശിരോവസ്തരം ധരിച്ചില്ലെന്ന് വെച്ച് മതവിശ്വാസം ഇല്ലാതാകില്ലെന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ പരാമര്‍ശം. തുടര്‍ന്ന് ശിരോവസ്ത്രം ധരിച്ചെത്തിയവരെ പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല.

തിരുവനന്തപുരത്ത് ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയെ പരീക്ഷ എഴുതാനനുവദിക്കാത്തിനെ തുടര്‍ന്ന് ഇവര്‍ പരീക്ഷ ഉപേക്ഷിച്ച് മടങ്ങിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി വിധിക്കെതിരെ കാത്തോലിക്കാ സഭയടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. വിധി മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ് വിമര്‍ശിച്ചിരുന്നു.

ഇന്നലെ നടന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് സിബിഎസ്ഇ ഏര്‍പ്പെടുത്തിയ ഡ്രസ്‌കോഡ് കാരണം നിരവധി പേര്‍ പരീക്ഷ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. തലപ്പാവണിഞ്ഞ് പരീക്ഷാ ഹാളില്‍ കടക്കാനനുവദിക്കാത്തതിനെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാനാ സംസ്ഥാനങ്ങളില്‍ സിഖ് വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ ഉപേക്ഷിക്കേണ്ടി വന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: