വധശിക്ഷയ്ക്ക് പിന്നാലെ മേമന്റെ ഭാര്യയെ രാജ്യസഭാ എംപിയാക്കണമെന്ന് ആവശ്യപ്പെട്ട സമാജ്‌വാദി പാര്‍ട്ടി നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

 

ലഖ്‌നൗ: മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിയായ യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതിന് പിന്നാലെ മേമന്റെ ഭാര്യയെ രാജ്യസഭാ എംപിയാക്കണമെന്ന് ആവശ്യപ്പെട്ട നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. മേമന്റെ ഭാര്യ രഹീനെ രാജ്യസഭാ എംപിയാക്കണമെന്ന് ആവശ്യപ്പെട്ട സമാജ്‌വാദി പാര്‍ട്ടി നേതാവ് മുഹമ്മദ് ഫാറൂഖ് ഖോസിക്കെതിരെയാണ് നടപടി. ഏറെ ക്ലേശങ്ങള്‍ സഹിച്ച രഹീനെ എം.പിയാക്കണമെന്ന് ആവശ്യപ്പെട്ട് ഖോസി എസ്.പി അധ്യക്ഷന്‍ മുലായംസിങ് യാദവിന് കത്തയച്ചിരുന്നു. കത്ത് മാധ്യമങ്ങള്‍ വഴി ചോര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. രാജ്യദ്രോഹിയുടെ ഭാര്യയെ എംപിയാക്കണമെന്ന് ആവശ്യപ്പെട്ട ഖോസിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നുവരെ ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഖോസിയുടെ അഭിപ്രായം വ്യക്തപരമാണെന്നാണ് ഇതുസംബന്ധിച്ച് പാര്‍ട്ടിയുടെ ആദ്യ പ്രതികരണം. ഇതിന് പിന്നാലെ ഖോസിയോട് പാര്‍ട്ടി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്ക നടപടി അടക്കം ഇയാള്‍ക്കെതിരെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി നടപടി അംഗീകരിക്കുന്നതായി ഖോസി വ്യക്തമാക്കി. അതേസമയം നിലപാടില്‍ നിന്നും പിന്മാറാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. തന്റെ കത്ത് അനവസരത്തിലുള്ളതാണെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. മേമന്റെ ഭാര്യ റഹീന്‍ സ്‌ഫോടനക്കേസില്‍ നേരത്തെ ജയിലില്‍ ആയിരുന്നു. കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഖോസിയുടെ കത്ത്.

-എജെ-

Share this news

Leave a Reply

%d bloggers like this: