അയര്‍ലന്‍ഡ് മലയാളിയുടെ അപകടമരണം, പോലീസ് പറയുന്നതിങ്ങനെ

 

മൂലമറ്റം: അയര്‍ലന്‍ഡില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ തുള്ളാമോറിലെ മലയാളി ഇടുക്കി കല്ലാര്‍ക്കുട്ടി സ്വദേശി കാരക്കൊമ്പില്‍ അഡ്വ ജോളി കെ മാണി (46) വാഹനപകടത്തില്‍ മരിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ പാലാ മൂലമറ്റം സെന്റ് ജോസഫ് കോളജിനടുത്തുള്ള ലെയ്ക്ക് വുഡ് ഹോട്ടലിനു സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പാലായില്‍ നിന്നും മൂലമറ്റത്തേക്ക് വരുന്ന വഴി ഇദ്ദേഹം സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിലേക്കു ജോളിയുടെ കാര്‍ ഇടിച്ചുകയറിയതിനുശേഷം ദിശമാറി റോഡിനു സമീപത്തുള്ള കയ്യാലയില്‍ ഇടിച്ചാണു നിന്നത്. അപകടം നടക്കുമ്പോള്‍ ജോളി കാറില്‍ ഒറ്റയ്ക്കായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ജോളിയെ വിവരമറിഞ്ഞ് കാഞ്ഞാര്‍ സ്‌റ്റേഷനിലെ പോലീസെത്തി വാതില്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത് . തുടര്‍ന്ന് തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ എത്തിച്ചു. ഇതേസമയം തൊടുപുഴ നഗരത്തില്‍ തന്നെയുണ്ടായിരുന്ന ഭാര്യസഹോദരന്‍ ബെന്നിയെ പോലീസ് വിവമറിയിച്ചതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചേരുകയും ചെയ്തു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹേസ്പിറ്റലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ മിഷനില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് വൈകിട്ട് ആറര മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ സുധാകരന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് എസ്‌ഐ അറിയിച്ചു.

തുള്ളാമോര്‍ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ എടവന സ്വദേശിയും ഇടമല കുടുംബാംഗവുമായ ലൂസിയാണ് ഭാര്യ .പാലായിലെ സഹോദരിയുടെ വീട്ടിലെത്തിയ ജോളി അവിടെനിന്നു കാറില്‍ മൂലമറ്റത്തെ ഭാര്യ വീട്ടിലേയ്ക്കു വരുന്നവഴിയാണ് അപകടം. ഭാര്യ ലൂസിയും മക്കളും മൂലമറ്റത്തെ വീട്ടിലായിരുന്നു. മക്കള്‍ അന്ന, ആല്‍ബര്‍ട്ട്. ജോളിയുടെ പിതാവ് മാണിയുടെ ചരമ വാര്‍ഷികത്തില്‍ പങ്കെടുക്കാനായാണു ഇവര്‍ നാട്ടിലെത്തിയത്.

Share this news

Leave a Reply

%d bloggers like this: