ഡല്‍ഹിയില്‍ അഞ്ഞൂറ് കോടി രൂപ ചെലവില്‍ യുദ്ധ സ്മാരകം വരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ഞൂറ് കോടി രൂപ മുടക്കി യുദ്ധ സ്മാരകവും യുദ്ധ മ്യൂസിയവും നിര്‍മ്മിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഇന്ത്യാ ഗേറ്റിന് സമീപത്താകും യുദ്ധ സ്മാരകം നിര്‍മ്മിക്കുക. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ സൈനികര്‍ക്ക് ഉചിതമായ സ്മാരകം വേണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ എംപി പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും നിവേദനം നല്കിയിരുന്നു. പാര്‍ലമെന്റിലും ഈയാവശ്യം നിരവധി തവണ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.

നാഗ്പൂര്‍ ഉള്‍പ്പടെ മൂന്ന് നഗരങ്ങള്‍ക്ക് അയ്യായിരം കോടി രൂപയോളം ചെലവഴിച്ച് എയിംസ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതേസമയം കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രിസഭയില്‍ തീരുമാനമില്ല. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താന്‍ നേരത്തെ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായില്ല. റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നല്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

Share this news

Leave a Reply

%d bloggers like this: