ഫേസ്ബുക്ക് വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: ഫേസ്ബുക്ക് വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു. സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ചെറിയാന്‍ ഫിലിപ്പിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ‘സ്ത്രീ സമൂഹത്തിന് വിഷമമുണ്ടാക്കിയതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’ എന്നാണ് ചെറിയാന്‍ ഫിലിപ്പ് എഴുതുന്നത്. സമൂഹത്തിലെ ചില അനഭലഷണീയ പ്രവണത സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

അതേസമയം ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നു. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഫേസ് ബുക്ക് പോസ്റ്റിനെ ന്യായീകരിച്ചു. അതേസമയം പോസ്റ്റിനെ എതിര്‍ത്ത് സിപിഎം പിബി അംഗം വൃന്ദകാരാട്ടും എംഎ ബേബിയും തോമസ് ഐസക്കും രംഗത്തെത്തി.

രഹസ്യമായി ഉടുപ്പൂരിയ വനിതകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ടെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ഫോസ്ബുക് പോസ്റ്റ്. ഇത് സ്ത്രീ വിരുദ്ധമല്ലെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ചെറിയാന്‍ ഫിലിപ്പ് സ്ത്രീ വിരോധിയാണെന്ന് കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു.

ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച കോടിയേരിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന പോസ്റ്റ് പിന്‍വലിക്കണമെന്ന് പിബി അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. ചെറിയാന്‍ ഫിലിപ്പിന് ജാഗ്രത കുറവുണ്ടായെന്നായിരുന്നു പിബി അംഗം എം എ ബേബിയുടെ നിലപാട്.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് 60 ശതമാനത്തോളം സ്തീകള്‍ വരാനിരിക്കെ നടത്തിയ പ്രസ്താവന അവരുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം തോമസ് ഐസക്ക് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പ്രസ്താവന ഏത്രയും പെട്ടന്ന പിന്‍വലിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: