ഡബ്ലിൻ ടി20 ക്രിക്കറ്റിൽ പാകിസ്താനെതിരെ അയർലണ്ടിന് തകർപ്പൻ വിജയം

അയർലണ്ട്- പാക്കിസ്ഥാൻ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ അയർലണ്ടിന് തകർപ്പൻ വിജയം. ഡബ്ലിനിൽ ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് ലക്ഷ്യം കുറിച്ചപ്പോൾ, 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി അയർലണ്ട് വിജയം കണ്ടു. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ അയർലണ്ട് 1-0 ന് മുന്നിലെത്തി.

പാകിസ്താന് വേണ്ടി ഓപ്പണർ സലിം അയൂബ് 29 പന്തിൽ 45 റൺസും, ക്യാപ്റ്റനായ ബാബർ അസം 43 പന്തിൽ 57 റൺസും നേടിയപ്പോൾ, ഇഫ്തിക്കർ അഹമ്മദ് 15 പന്തിൽ 37 റൺസുമായി വെടിക്കെട്ട് നടത്തി. ബോളിങ് നിരയിൽ അയർലണ്ടിനായി ക്രെയ്ഗ് യങ് 4 ഓവറിൽ 27 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ പച്ചപ്പടയുടെ തകർപ്പൻ തിരിച്ചടിക്ക് ചുക്കാൻ പിടിച്ചത് ഓപ്പണർ ആയ ആൻഡി ബൽബെർണീ ആയിരുന്നു. 10 ഫോറും 2 സിക്‌സും പറത്തി 55 പന്തിൽ 77 റൺസ് എടുത്താണ് ബൽബെർണീ പവലിയനിൽ തിരികെയെത്തിയത്. ക്യാപ്റ്റൻ പോൾ സ്റ്റെർലിങ് (8), ലോർകൻ ടക്കർ (4) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും ഹാരി ടെക്ടർ (27 പന്തിൽ 36 റൺസ്), ജോർജ് ഡോക്ക്‌റെൽ (12 പന്തിൽ 24 റൺസ്) എന്നിവരുടെ ഇന്നിങ്‌സുകൾ അയർലണ്ടിനെ വിജയ തീരത്തെത്തിച്ചു.

ശക്തരായ പാകിസ്താനെതിരെ നേടിയ ഈ വിജയം ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിൽ അയർലണ്ടിന് ആത്മവിശ്വാസമേകുന്നതാണ്. ഡബ്ലിനിലെ Clontarf Cricket Club സ്റ്റേഡിയത്തിൽ മെയ് 13-ന് ആണ് സീരീസിലെ രണ്ടാം ടി20.

Share this news

Leave a Reply

%d bloggers like this: