കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുമെതിരെ കള്ളപ്പണ ആരോപണവുമായി ബിജെപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുമെതിരെ കള്ളപ്പണ ആരോപണവുമായി ബിജെപി. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണം നേരിടുന്ന കമ്പനിയില്‍ നിന്ന് സോണിയയ്ക്കും രാഹുലിനും ഓഹരി പങ്കാളിത്തമുള്ള യംഗ് ഇന്ത്യ കമ്പനി ഒരു കോടി രൂപ കടം വാങ്ങിയെന്നാണ് ബിജെപി ആരോപിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ 76 ശതമാനം ഓഹരി പങ്കാളിത്തമുള്ള യംഗ് ഇന്ത്യ എന്ന കമ്പനിയാണ് കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന കൊല്‍ക്കത്ത ആസ്ഥാനമായ ഡോടെക്‌സ് മര്‍ക്കന്റൈന്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും ഒരു കോടി രൂപ വാങ്ങിയതായി ബിജെപി ആരോപിച്ചത്. യംഗ് ഇന്ത്യ കമ്പനിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും 36 ശതമാനം വീതവും കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറക്കും ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനും പന്ത്രണ്ട് ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

അതേസമയം വായ്പയായി വാങ്ങിയ പണം 14 ശതമാനം പലിശയോടെ തിരിച്ചുനല്‍കി എന്ന് കോണ്‍ഗ്രസ് വക്താവ് രണ്ദീപ് സുര്‍ജേവാല പ്രതികരിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അസഹിഷ്ണുത ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ത്തുന്ന കോണ്‍ഗ്രസിനെ കള്ളപ്പണ ആരോപണവുമായി തിരിച്ചടിക്കുകയാണ് ബി.ജെ.പി. പണം തിരിച്ചുനല്‍കി എന്ന് കോണ്‍ഗ്രസ് വിശദീകരിക്കുമ്പോഴും 2015 മാര്‍ച്ച് വരെയുള്ള രേഖകള്‍ പ്രകാരം കോണ്‍ഗ്രസ് ഡോടെക്‌സ് കമ്പനിക്ക് പണം നല്‍കിയിട്ടില്ല. പണം നല്‍കിയത് തെളിയിക്കുന്ന രേഖകളൊന്നും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടില്ല.

Share this news

Leave a Reply

%d bloggers like this: