റഷ്യന്‍ വിമാന ദുരന്തം: 100 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 244 പേരും മരിച്ചതായി സ്ഥിരീകരണം

 

കെയ്‌റോ: ഈജിപ്റ്റിലെ സിനായില്‍ 224 യാത്രക്കാരുമായി തകര്‍ന്നു വീണ റഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അഞ്ചുകുട്ടികളുടേതടക്കം 100 മൃതദേഹങ്ങള്‍ കണ്ടെടുത്തു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈജിപ്റ്റിലെ ഷാം ഇല്‍-ഷെയ്ഖില്‍ നിന്നും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കു പോയ മെട്രോ ജെറ്റ് എ-321 വിമാനമാണു ദുരന്തത്തില്‍പെട്ടത്.

തകര്‍ന്നു വീണ വിമാനം രണ്ടായി പിളര്‍ന്നു. വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും റഷ്യന്‍ വിനോദ സഞ്ചാരികളാണ്. 217 യാത്രക്കാരും ഏഴു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.

വിമാനം ഐഎസ് ശക്തികേന്ദ്രമായ സിനായിലാണ് തകര്‍ന്നു വീണതെങ്കിലും സംഭവം അപകടമാണെന്നാണ് ഈജിപ്റ്റിന്റെ വിശദീകരണം. 30,000 അടി മുകളില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ഈജിപ്റ്റ് പ്രധാനമന്ത്രി ഷെരീഫ് ഇസ്മായില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഈജിപ്റ്റ് സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത ആക്രമണത്തില്‍ പ്രദേശത്ത് 25 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

അപകടം നടന്ന പ്രദേശത്ത് ഈജിപ്ത് പ്രധാനമന്ത്രി ഷെരീഫ് ഇസ്‌മെയില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഷാം അല്‍ ഷെയ്ക്ക് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം സിനായി പെനിന്‍സുലയില്‍ വെച്ച് നഷ്ടപ്പെട്ടതായി ഈജിപ്ഷ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചിരുന്നു. റെഡ് സീ റിസോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കകം എയര്‍ ട്രാഫിക്ക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

റഷ്യയിലെ എയര്‍ലൈന്‍ കമ്പനിയായ കൊഗാലിമാവ്യയുടെതാണ് വിമാനം. ഈജിപ്ത് സുഖവാസ കേന്ദ്രമായ ഷര്‍മുല്‍ ഷെയ്ഖില്‍നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവിനോടു നിര്‍ദ്ദേശിച്ചു. ദുരന്തസ്ഥലത്തേക്ക് റഷ്യ പ്രത്യേക സംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: