തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഏഴ് ജില്ലകളിലായി നടന്ന ഒന്നാംഘട്ട പോളിംഗ് അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഏഴ് ജില്ലകളിലായി നടന്ന ഒന്നാംഘട്ട പോളിംഗ് അവസാനിച്ചു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏഴ് ജില്ലകളിലായി 73 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അന്തിമ കണക്കുകള്‍ പ്രകാരം പോളിംഗ് ശതമാനം 77ന് മുകളില്‍ പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 77 ശതമാനമായിരുന്നു പോളിംഗ്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മന്ദഗതിയില്‍ തുടങ്ങിയ പോളിംഗ് ഉച്ചയോടെയാണ് സജീവമായത്. നഗര മേഖലകളില്‍ പോളിംഗ് കുറഞ്ഞപ്പോള്‍ ഗ്രാമീണ മേഖലകളില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു. അഞ്ച് മണിക്ക് ക്യൂവില്‍ നിന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു.
അഞ്ച് മണിക്ക് ലഭിച്ച കണക്കുകള്‍ പ്രകാരം കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. കണ്ണൂരില്‍ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അന്തിമ കണക്കുകളില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ വ്യത്യാസം ഉണ്ടായേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പോളിംഗ് ശതമാനത്തില്‍ കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കൊല്ലത്ത് 74 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 71 ശതമാനവും ഇടുക്കിയില്‍ 73 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് നഗര മേഖലയില്‍ 60 ശതമാനം പേര്‍ മാത്രമാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. കോഴിക്കോട് ജില്ലയില്‍ 72 ശതമാനം പേരും വയനാട്ടില്‍ 73 ശതമാനവും കാസര്‍ഗോഡ് 73 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. വ്യാഴാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോളിംഗ് നടക്കും.

Share this news

Leave a Reply

%d bloggers like this: