യൂബര്‍ ടാക്‌സിയില്‍ യാത്രക്കാരിയെ പീഡിപ്പിച്ച ഡ്രൈവര്‍ക്ക് ജീവപര്യന്തം

 
ഡല്‍ഹി: ദില്ലിയില്‍ യൂബര്‍ ടാക്‌സിയില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ ശിവകുമാര്‍ യാദവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി യാതൊരു വിധത്തിലുള്ള കരുണയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം ജഡ്ജ് കാവേരി ബവേജ അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണു യൂബര്‍ ടാക്‌സി യാത്ര ചെയ്ത യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തത്. ഗുര്‍ഗാവില്‍ ജോലി ചെയ്യുന്ന യുവതി ഇന്റര്‍ലോകിലുള്ള വീട്ടിലേക്ക് പോകും വഴിയായിരുന്നു ടാക്‌സിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. കോടതിയില്‍ കുറ്റം നിഷേധിച്ച പ്രതി യുവതിയുടെ പരാതി വ്യാജമാണെന്ന് ആരോപിച്ചിരുന്നു.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെയും സാക്ഷികളെയും വീണ്ടും വിസ്തരിക്കണമെന്ന പ്രതിയുടെ ആവശ്യം ദില്ലി ഹൈക്കോടതി അംഗീകരിച്ചെങ്കിലും സുപ്രീം കോടതി ഇതു തള്ളി. പീഡനത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് ദില്ലി സര്‍ക്കാര്‍ യൂബര്‍ ടാക്‌സി സര്‍വ്വീസ് നിരോധിച്ചിരുന്നു. പിന്നീട് യൂബറിന് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: