മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.6 അടി; മുന്നറിയിപ്പില്ലാതെ തുറന്നുവിടരുതെന്ന് നിര്‍ദേശം, ആശങ്കയോടെ പ്രദേശവാസികള്‍

തൊടുപുഴ: വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പാണ് ജലനിരപ്പിനെ സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രാത്രിയില്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുമെന്ന് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സെക്കന്‍ഡില്‍ 1800 ഘടയടി വെള്ളമാകും കൊണ്ടുപോകുക. അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. തേക്കടി, കുമളി, പെരിയാര്‍ എന്നിവിടങ്ങളില്‍ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയത്.

അതേസമയം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു കേരളത്തിലേക്ക് വെള്ളം തുറന്നുവിടരുതെന്ന് തമിഴ്‌നാടിന് കേരളം നിര്‍ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പിനാണ് ഇതു സംബന്ധിച്ച് ഇടുക്കി കളക്ടര്‍ നിര്‍ദേശം നല്‍കിയത്. അത്യാവശ്യമുണ്ടായാല്‍ തമിഴ്‌നാട്ടിലേക്കുതന്നെ അണക്കെട്ടില്‍നിന്നു വെള്ളം കൊണ്ടുപോകണമെന്നും വെള്ളം തുറന്നുവിടേണ്ടിവന്നാല്‍ 24 മണിക്കൂറിനുമുമ്പ് മുന്നറിയിപ്പ് നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കനത്ത മഴ ലഭിച്ചതോടെ മുല്ലപ്പെരിയാറില്‍നിന്ന് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറച്ചിരുന്നു. ഇത് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി. തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടും നിറഞ്ഞിരിക്കുകയാണ്.

എന്നാല്‍ ഇനിയും കനത്ത മഴപെയ്ത് ജലനിരപ്പുയര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടിവരും. ജലനിരപ്പ് 140 അടിയിലെത്തിയപ്പോള്‍ ഷട്ടര്‍ തുറന്ന് ജലനിരപ്പ് അടിയന്തരമായി താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം തമിഴ്‌നാടിന് കത്തുനല്‍കിയിരുന്നു. ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാട് കാത്തിരിക്കുമ്പോള്‍ മഴ ശക്തിപ്രാപിക്കുന്നത് പെരിയാറിന്റെ തീരത്തുള്ള നൂറുകണക്കിന് കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.

ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ഏറ്റവും ആദ്യം ബാധിക്കുന്ന വണ്ടിപ്പെരിയാറിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. ഇവിടെ 129 കുടുംബങ്ങളാണ് ഉള്ളത്. അത്യാവാശ്യമെന്നുകണ്ടാല്‍ എന്‍.സി.സി., എന്‍.എസ്.എസ്. പ്രവര്‍ത്തകരേയും രംഗത്ത് എത്തിക്കാനാണ് തീരുമാനം. സുരക്ഷാ പ്രവര്‍ത്തനത്തിനായി ദുരന്ത നിവാരണ സേനയും പീരുമേട് താലുക്കില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
എജെ

Share this news

Leave a Reply

%d bloggers like this: