ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം, പാക് സൈനികരെന്ന് അഫ്ഗാന്‍ പോലീസ്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തിയത് ഭീകരര്‍ ആല്ലെന്നും പാക് സൈനികരാണെന്നും അഫ്ഗാന്‍ പോലീസ് അഫ്ഗാന്‍ ബാല്‍ഖ് പ്രൊവിന്‍സ് പോലീസ് മേധാവി സയീദ് കമാല്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. 99 ശതമാനവും ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ സൈന്യമാണെന്നും താന്‍ അവരെ സ്വന്തം കണ്ണുകൊണ്ട് കണ്ട് തിരിച്ചറിഞ്ഞതാണെന്നും സയീദ് കമാല്‍ പറയുന്നു.

അതിര്‍ത്തി കടന്നാണ് അവര്‍ എത്തിയത്. 25 മണിക്കൂര്‍ നീണ്ട ആക്രമണം നടത്തുമ്പോള്‍ സൈന്യത്തിന്റെ രീതികളാണ് അവര്‍ പിന്തുടര്‍ന്നിരുന്നത്. ഭീകരര്‍ വിദ്യാഭ്യാസ സമ്പന്നരും ബുദ്ധിമാന്മാരുമായിരുന്നു. വ്യക്തമായ പദ്ധതികളോടെയാണ് ആക്രമണം നടന്നതെന്നും അള്ളാഹുവിന്റെ കരുണകൊണ്ട് മാത്രമാണ് തങ്ങള്‍ക്ക് അവരെ പ്രതിരോധിക്കാനായതെന്നും സയീദ് പറയുന്നു. പത്താന്‍കോട്ടില്‍ ഭീകരര്‍ ആക്രമണം നടത്തിയതിന്റെ രണ്ടാം ദിവസം ജനുവരി 3നാണ് അഫ്ഗാനിസ്ഥാനിലെ മസാര്‍ഇഷാരിഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണത്തിന് ഇരയായത്.

സൈനികരുടേതിന് സമാനമായി റോക്കറ്റ് ലോഞ്ചര്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പോരാട്ടത്തിനൊടുവില്‍ ആക്രമണം നടത്തിയ നാല് ഭീകരരെയും അഫ്ഗാന്‍ സൈന്യം വധിച്ചു. ഒരു അഫ്ഗാന്‍ സൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് സാധാരണക്കാര്‍ അടക്കം ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പത്താന്‍കോട്ട് ആക്രമണവുമായി അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണത്തിന് ബന്ധമുള്ളതായ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അഫ്ഗാന്‍ പോലീസിന്റെ വെളിപ്പെടുത്തല്‍.

Share this news

Leave a Reply

%d bloggers like this: