നടി കല്പന അന്തരിച്ചു: മലയാളസിനിമയ്ക്ക് നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത അഭിനേത്രി

 

ഹൈദരാബാദ്: പ്രശസ്ത സിനിമാതാരം കല്‍പന ( 51) അന്തരിച്ചു. ഹൈദരാബാദില്‍വച്ചായിരുന്ന മരണം സംഭവിച്ചത്. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി ഇന്നലെ ഉച്ചയോടെ ഹൈദരാബാദിലെത്തിയ കല്പന ഇന്നുരാവിലെ ആറുമണിയോടെ അബോധാവസ്ഥയില്‍ കണ്ട കല്‍പനയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പേ മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബാലതാരമായി 13 ാം വയസ്സില്‍ സിനിമയിലെത്തിയ കല്‍പന ഹാസ്യനടിയായും സ്വഭാവനടിയായും വെള്ളിത്തിരയില്‍ മികച്ച അഭിനയം കാഴ്ചവച്ചിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും സജീവമായിരുന്നു. നാടകപ്രവര്‍ത്തകരായ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്. സിനിമാനടിമാരായ കലാരഞ്ജിനി, ഉര്‍വശി എന്നിവര്‍ സഹോദരിമാരാണ്.
പോക്കുവെയില്‍, മഞ്ഞ്, പഞ്ചവടിപ്പാലം, സ്പിരിറ്റ്്, കേരള കഫെ, ഇഷ്ടം, സതി ലീലാവതി എന്നീചിത്രങ്ങളുള്‍പ്പെടെ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
തനിച്ചല്ല ഞാന്‍ എന്ന സിനിമയ്ക്ക് മികച്ച സഹനടിയ്ക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ചിന്നവീട് എന്ന സിനിമയില്‍ ഭാഗ്യരാജിനോപ്പം തമിഴിലും സാന്നിദ്ധ്യമറിയിച്ച കല്‍പന പിന്നീട് നിരവധി തമിഴ് സിനിമകളിലുമഭിനയിച്ചിട്ടുണ്ട്്.
അപ്പോളോ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നുതന്നെ കേരളത്തിലെത്തിക്കും. മൃതദേഹമേറ്റുവാങ്ങാന്‍ സഹോദരി ഉര്‍വശി ഹൈദരാബാദിലേക്ക് തിരിച്ചിട്ടുണ്ട്.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: