പൊലീസിനെ നോക്കുകുത്തികളാക്കി പ്രതിഷേധവുമായി അഭിഭാഷകര്‍ വീണ്ടും ഡല്‍ഹി തെരുവിലിറങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിനെ നോക്കുകുത്തിയാക്കി ബിജെപി അനുകൂല അഭിഭാഷകര്‍ വീണ്ടും തലസ്ഥാനത്തെ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങി. അഭിഭാഷകര്‍ സംയമനം പാലിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും മറികടന്നാണു പട്യാല ഹൗസ് കോടതിയിലേയ്ക്ക് ഒരു സംഘം പ്രകടനം നടത്തിയത്.

കഴിഞ്ഞ രണ്ടു ദിവസവും കോടതി പരിസരത്ത് ആക്രമണത്തിനു നേതൃത്വം നല്‍കിയ വിക്രം സിംഗ് ചൗഹാന്‍ എന്ന അഭിഭാഷകന്‍ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷ സംഭവത്തില്‍ ഹാജരാകാന്‍ പോലീസ് ഇയാള്‍ക്ക് സമന്‍സ് അയച്ചിരുന്നു. സമന്‍സ് ലഭിച്ചിട്ടും ഹാജരാകാതെ ഡല്‍ഹി പോലീസിനു മുന്നിലൂടെ മുദ്രാവാക്യങ്ങള്‍ മുഴക്കി വിക്രം ചൗഹാനും സംഘവും നീങ്ങുകയായിരുന്നു. പ്രതിഷേധിച്ച അഭിഭാഷകര്‍ക്ക് ഡല്‍ഹി പോലീസ് മികച്ച സുരക്ഷ ഒരുക്കുകയും ചെയ്തു.

ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായ ജെഎന്‍യു മുന്‍ പ്രഫസര്‍ എസ്.എ.ആര്‍.ഗീലാനിയുടെ ജാമ്യാപേക്ഷ പട്യാല ഹൗസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകര്‍ കോടതിയിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. ഗീലാനിയുടെ ജാമ്യാപേക്ഷ തള്ളിയ പട്യാല ഹൗസ് കോടതി ജുഡീഷല്‍ കസ്റ്റഡി തുടരാനും ഉത്തരവിട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: