നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു, എല്ലാവരും കൊല്ലപ്പെട്ടു

കാഠ്മണ്ഡു: 23 യാത്രക്കാരുമായി നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നതായി റിപ്പോര്‍ട്ട്. യാത്രാമധ്യേ ഹിമാലയത്തിലെ മലനിരകള്‍ക്കിടയില്‍ വെച്ച് കാണാതായ വിമാനം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് കണ്ടെത്തിയത്. കത്തിത്തകര്‍ന്ന വിമാനത്തിന്റെയും മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങള്‍ പടിഞ്ഞാറന്‍ ജില്ലയായ മ്യാഗ്ദിയില്‍നിന്നു കണ്ടെത്തി. 20 യാത്രക്കാരും മൂന്ന് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്നതായ റിപ്പോര്‍ട്ടുകള്‍ നേപ്പാള്‍ വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനാവശിഷ്ടങ്ങള്‍ തെരയുന്നതിനായി കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥ തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്്.

ഇന്നു രാവിലെ പൊക്കാറ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന താര എയര്‍ലൈന്‍സിന്റെ ചെറുയാത്രവിമാനമാണ് 23 യാത്രക്കാരുമായി കാണാതായത്. വിമാനം പറന്നുയര്‍ന്ന് 18 മിനിറ്റിനുള്ളില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പൊക്കാറയില്‍നിന്നു ജോംസണിലേക്കുള്ള യാത്രയക്കിടെയാണ് വിമാനം കാണാതായത്. ഈ രണ്ടു വിമാനത്താവളങ്ങള്‍ക്കിടിയില്‍ ലാന്‍ഡിംഗിന് അനുകൂലമായ സ്ഥലങ്ങളുണ്ടായിരുന്നില്ല. വിമാനം തകരാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.

പരിചയസമ്പന്നരല്ലാത്ത പൈലറ്റുമാരും അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിയ്ക്കാത്ത വിമാനങ്ങളുമാണ് അപകടം വര്‍ധിക്കുന്നതിന് കാരണമാകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ വിമാനം അപകടത്തില്‍പെട്ട മേഖലയില്‍ വിമാനം പറത്തുന്നതില്‍ നിന്ന് 2013 ല്‍ യൂറോപ്യന്‍ യൂണിയന്‍ നേപ്പാളിലെ വിമാനക്കമ്പനികളെ വിലക്കിയിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: