ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കടപകടം

കൊല്ലം: കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം സാക്ഷ്യം വഹിച്ചത്. കാലത്ത് എട്ട് മണി ആയപ്പൊഴേക്കും തന്നെ മരണസംഖ്യ 86 കഴിഞ്ഞു. ശബരിമലയില്‍ നടന്ന വെടിക്കെട്ട് അപകടമായിരുന്നു ദുരന്തത്തിന്റെ വ്യാപ്തിയില്‍ ഇതുവരെ മുന്നില്‍. 68 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

ശബരിമല ദുരന്തം കഴിഞ്ഞ് അമ്പതാണ്ടായിട്ടും കേരളത്തില്‍ വെടിക്കെട്ട് ദുരന്തങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ കാണിക്കുന്നു. ഇതുവരെയായി ചെറുതും വലുതുമായുള്ള നാന്നൂറോളം അപകടങ്ങളില്‍ അത്രയും തന്നെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും അപകടങ്ങളുടെയും അതില്‍ കൊല്ലപ്പെടുന്നവരുടെയും എണ്ണവും കൂടിവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2006ല്‍ 24 അപകടങ്ങളില്‍ 24 പേരും 2007ല്‍ 38 അപകടങ്ങളില്‍ 42 ഉം 2008ല്‍ 49 ഉം 2009ല്‍ 57 ഉം പേരും 2010 ല്‍ 53 അപകടങ്ങളില്‍ 66 ഉം 2011ല്‍ 58 അപകടങ്ങളില്‍ നിന്ന് 68 ഉം മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അപകടങ്ങളുടെയും മരണത്തിന്റെയും കാര്യത്തില്‍ പൂരങ്ങളുടെയും വേലകളുടെയും നാടായ പാലക്കാടാണ് മുന്നില്‍. രണ്ട് വര്‍ഷം മുന്‍പുള്ള കണക്ക് അനുസരിച്ച് പാലക്കാട് ജില്ലയില്‍ മാത്രം 12 അപകടങ്ങളില്‍ 29 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞയാഴ്ച നെന്മാറ വല്ലങ്ങി വേലയ്ക്കിടയിലും വെടിക്കെട്ട് അപകടം ഉണ്ടായി. എന്നാല്‍ ഭാഗ്യത്തിന് ആളപായമുണ്ടായില്ല. മൂന്ന് വര്‍ഷം മുന്‍പ് ഷൊര്‍ണ്ണൂര്‍ ത്രാങ്ങാലിയിലുണ്ടായ അപകടത്തില്‍ പന്ത്രണ്ടും ചെര്‍പ്പുളശ്ശേരിക്കടുത്ത് പന്നിയാംകുറിശ്ശിയിലുണ്ടായ അപകടത്തില്‍ ഏഴു പേരും കൊല്ലപ്പെട്ടിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: