സീറോ മലബാര്‍ സഭയ്ക്ക് ഐറിഷ് മണ്ണില്‍ പത്തുവര്‍ഷങ്ങളുടെ സാഫല്യം

സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനദൗത്യം ഐറിഷ് മണ്ണില്‍ തുടങ്ങിയതിന് പത്തുവര്‍ഷങ്ങളുടെ വിശ്വാസസാക്ഷ്യം. 2006 ജൂലൈ 3 ന് സെന്റ് തോമസിന്റെ ദുക്‌റാന ദിനത്തിലാണ് ഡ്രംകോണ്‍ട്രയില്‍ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ് ഡെര്‍മേറ്റ് മാര്‍ട്ടിന്‍ സീറോ മലബാര്‍ സഭയുടെ ആദ്യ വിശ്വാസദീപം തെളിയിച്ചത്. ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍, ഫാ. തങ്കച്ചന്‍ പോള്‍ ഞാളിയത്ത് എന്നിവരായിരുന്നു ആദ്യമെത്തിയ ഇടയന്മാര്‍.
രണ്ടായിരാമാണ്ട് മുതല്‍ രാജ്യത്തെത്തിയ ആദ്യ കുടിയേറ്റക്കാരില്‍ എഴുപതു ശതമാനത്തോളവും സീറോ മലബാര്‍ സഭാംഗങ്ങളാണെന്ന സാഹചര്യം പരിഗണിച്ചാണ് അയര്‍ലന്റിലേക്ക് വൈദികരെ അയക്കാന്‍ സഭ തീരുമാനിച്ചത്. അന്ന് പഠനത്തിനായി രാജ്യത്തുണ്ടായിരുന്ന ഫാ. സോണി പാലത്ര, ഫാ. സെബാസ്റ്റ്യന്‍, ഫാ. ഫ്രാന്‍സിസ്‌കോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിനുള്ള ആദ്യശ്രമങ്ങള്‍ നടന്നിരുന്നത്.
വിശ്വാസപരിശീലന കേന്ദ്രങ്ങളും കുര്‍ബാന സെന്ററുകളുമായി മുപ്പതിലധികം കേന്ദ്രങ്ങളാണ് സഭയ്ക്ക് ഇപ്പോള്‍ അയര്‍ലന്റിലുള്ളത്. സഭാംഗങ്ങളില്‍ കൂടുതല്‍ പേരും ഇപ്പോള്‍ ഇവിടുത്തെ പൗരത്വം സ്വീകരിച്ചവര്‍ ആയിക്കഴിഞ്ഞു. സഭയുടെ നേതൃത്വത്തില്‍ രാജ്യത്തെ എല്ലാ മലയാളികള്‍ക്കുമായി ഒരു ഡെത്ത് റിലീഫ് ഫണ്ട് രൂപീകരിച്ചതുപോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ അയര്‍ലന്റിലെ മലയാളികളുടെ ഒരു പൊതുവേദിയാകാന്‍ സഭയ്ക്ക് കഴിയുന്നുണ്ട്. മാതൃരാജ്യത്തിന്റെ വിശ്വാസസാക്ഷ്യങ്ങളും കുടിയേറിയ നാടിന്റെ പ്രതീക്ഷകളും ഒരുപോലെ സഫലമാക്കാനും ജാതിമതഭേദമന്യേ ഐറിഷ് മണ്ണിലെ മലയാളിസമൂഹത്തെ കൈപിടിച്ചു കൂടെ നിര്‍ത്താനും സഭയ്ക്കു കഴിയുമെന്ന പ്രതീക്ഷയാണ് പത്താം പിറന്നാള്‍ വേളയില്‍ രാജ്യത്തെ മലയാളികള്‍ പങ്കുവയ്ക്കുന്നത്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: