ആശുപത്രിയിലെത്തിക്കും മുമ്പ് ജയലളിത മരിച്ചു; അപ്പോളോ ആശുപത്രിയിലെ മുന്‍ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; മൊഴി നല്‍കാന്‍ തയ്യാറെന്നും ഡോക്ടര്‍

ജയലളിതയുടെ മരണത്തില്‍ ദുരൂഹത വ്യക്തമാക്കി കൊണ്ട് അപ്പോളോ ആശുപത്രിയിലെ മുന്‍ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. അപ്പോളോയിലെ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഡോ. രാമസീതയാണ് മാസങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍ നടത്തിയത്. അപ്പോളോ ആശുപത്രിയില്‍ എത്തിക്കുംമുന്‍പ് തന്നെ ജയലളിത മരിച്ചിരുന്നെന്നാണ് രാമസീത കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ജയലളിതയുടെ നാഡിമിഡിപ്പുകള്‍ നിലച്ചിരുന്നു. എങ്കിലും ആശുപത്രി അധികൃതര്‍ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ജയലളിത മരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഇതിനിടയില്‍ അസുഖത്തിന് ശമനമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 20 ദിവസത്തിനകം ചെന്നൈ മറീന ബീച്ചിലുള്ള എംജിആര്‍ സമാധിക്കടുത്ത് പണികള്‍ ആരംഭിച്ചിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.ആശുപത്രിയുടെ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് താന്‍ അവിടെ നിന്നും രാജി വച്ചതെന്നും രാമസീത പറഞ്ഞു. ഇക്കാര്യങ്ങള്‍ എല്ലാം അന്വേഷണ സംഘത്തിന് മുന്നില്‍ പറയുവാന്‍ തയ്യാറാണെന്നും രാമസീത വ്യക്തമാക്കി.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ തമിഴ്‌നാട് നിയമസഭാ സ്പീക്കറും എഐഎഡിഎംകെ മുതിര്‍ന്ന നേതാവുമായ പിഎച്ച് പാണ്ഡ്യന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ആശുപത്രിയിലാകുന്നതിന് തൊട്ടുമുമ്പ് ജയലളിതയ്ക്ക് അടിയേറ്റിരുന്നെന്നും പാണ്ഡ്യന്‍ വെളിപ്പെടുത്തിയിരുന്നു. കസേരയില്‍നിന്നു ജയലളിതയെ വലിച്ചു താഴെയിടുകയും അടിക്കുകയും ചെയ്‌തെന്നും ബോധരഹിതയായ ജയലളിതയെ ആശുപത്രിയിലാക്കുകയായിരുന്നെന്നുമാണ് കഴിഞ്ഞദിവസം പാണ്ഡ്യന്‍ ചെന്നൈയില്‍ മാധ്യമങ്ങളോടു പറഞ്ഞത്.അടികൊണ്ടു വീണ ജയലളിതയെ സംശയമുണ്ടാകാതിരിക്കാനാണ് ആശുപത്രിയില്‍ ആക്കിയതെന്നാണ് പാണ്ഡ്യന്‍ വെളിപ്പെടുത്തിയത്. ജയലളിതയ്ക്ക് ഏറെ അടുപ്പമുണ്ടായിരുന്ന നേതാക്കളാണെങ്കിലും പാണ്ഡ്യനെയും പന്‍രുതി രാമചന്ദ്രനെയും ശശികല അടുപ്പിച്ചിരുന്നില്ല. മരണശേഷം ശശികലയുടെ കുടുംബാംഗങ്ങള്‍ മൃതദേഹത്തിനു ചുറ്റും തടിച്ചുകൂടിയത് തനിക്കു വിശ്വസിക്കാനാവുന്നില്ലെന്നും അവരെയാരെയും ജയലളിത ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പാണ്ഡ്യന്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: