74 അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ ലിബിയന്‍ തീരത്ത് കണ്ടെത്തി; യൂറോപ്പിലേക്ക് കടക്കുന്നതിനിടെ ബോട്ട് തകര്‍ന്ന് മരിച്ചതെന്ന് സംശയം

ട്രിപ്പോളി: അഭയാര്‍ഥി ബോട്ട് മുങ്ങി വീണ്ടും വന്‍ ദുരന്തം. പടിഞ്ഞാറന്‍ ലിബിയയിലെ ബീച്ചില്‍ 74 അഭയാര്‍ഥികളുടെ മൃതദേഹം അടിഞ്ഞു. രണ്ടു ദിവസം മുമ്പാണ് അപകടം സംഭവിച്ചതെന്നു കരുതുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പട്ടണമായ സാവിയയിലെ കടല്‍ത്തീരത്താണ് മൃതദേഹങ്ങള്‍ കണ്ടത്തെിയതെന്ന് സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ് അധികൃതര്‍ അറിയിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍. മൃതദേഹം ലഭിച്ചതിനു സമീപം കടലില്‍നിന്നും ഇവര്‍ സഞ്ചരിച്ചതെന്നു കരുതുന്ന റബര്‍ ബോട്ട് ലഭിച്ചു. ഇതില്‍ സാധാരണ 120 ഓളം അഭയാര്‍ഥികളെയാണ് കടത്താറുള്ളത്. അതിനാല്‍ കൂടുതല്‍ പേര്‍ മരണപ്പെട്ടിരിക്കാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്.

മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് പോകുന്ന ബോട്ട് തകര്‍ന്ന് അഭയാര്‍ഥികള്‍ മരിച്ചതാണെങ്കില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് സംഘടനയുടെ വക്താവ് മുഹമ്മദ് അല മിസ്റതി മാധ്യമങ്ങളോട് പറഞ്ഞു. വെളുപ്പും കറുപ്പും നിറത്തിലുള്ള ബാഗുകളില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ തീരത്ത് നിരത്തിവെച്ച ഫോട്ടോകള്‍ റെഡ് ക്രെസന്റ് ട്വിറ്റര്‍ വഴി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, മരിച്ചവര്‍ ആരാണെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിനായി മൃതദേഹങ്ങള്‍ ട്രിപൊളി പ്രാദേശിക ഭരണകൂടത്തിന് വിട്ടുനല്‍കും. ഈ മാസം തുടക്കത്തില്‍ ലിബിയന്‍ കടല്‍ മാര്‍ഗം യൂറോപ്പിലേക്ക് കടക്കുന്ന അഭയാര്‍ഥികളെ തടയുന്നതിന് പദ്ധതി അംഗീകരിക്കപ്പെട്ടിരുന്നു. പദ്ധതിയനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ അഭയാര്‍ഥികളെ തടയുന്നതിന് ലിബിയന്‍ സര്‍ക്കാറിന് ഫണ്ട് നല്‍കുമെന്നായിരുന്നു ധാരണ. നിയമം മനുഷ്യാവകാശ സംഘടനകളില്‍നിന്ന് പ്രതിഷേധം വിളിച്ചുവരുത്തുകയുണ്ടായി.

മെഡിറ്ററേനിയന്‍ കടലില്‍ മരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2017ല്‍ മാത്രം 230 പേര്‍ ഇറ്റലിക്കും ലിബിയക്കുമിടയില്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ കണക്ക്. ചൊവ്വാഴ്ച കണ്ടത്തെിയ മൃതദേഹങ്ങള്‍ ഉള്‍പ്പെടുത്താതെയാണിത്. കഴിഞ്ഞ വര്‍ഷം 4,500 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: