ബാങ്കിങ് മേഖലയില്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിച്ച് എസ്ബിടി-എസ്ബിഐ ലയനം: 122 ശാഖകള്‍ പൂട്ടുന്നു

ബാങ്കിങ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ക്ക് വലിയ തിരിച്ചടി നല്‍കികൊണ്ട് എസ്ബിഐയുടെയും അനുബന്ധ ബാങ്കുകളുടെയും 122 പ്രധാന ഓഫീസുകള്‍ അടച്ചുപൂട്ടും. എസ്ബിഐ-എസ്ബിടി ലയനം പൂര്‍ത്തിയാകുന്നതോടെയാണ് ഇത്. അടച്ചുപൂട്ടുന്നവയില്‍ 21 എണ്ണം കേരളത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലയനത്തോടെ അടച്ചുപൂട്ടുന്ന 400 ശാഖയ്ക്കു പുറമെയാണിത്.

ലയനത്തിനുശേഷം രാജ്യവ്യാപകമായി നിലനിര്‍ത്തേണ്ട ഓഫീസുകള്‍ സംബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് ലോക്കല്‍ ഹെഡ് ഓഫീസുകളിലേക്കും റീജ്യണല്‍ ഓഫീസുകളിലേക്കും കത്ത് അയച്ചു. കേരളത്തില്‍ ഏറ്റവുമധികം ഓഫീസുകള്‍ നഷ്ടപ്പെടുക എസ്ബിടിക്കാകും. കേരളത്തില്‍ നിലവില്‍ എസ്ബിഐക്കും എസ്ബിടിക്കും ഓരോ ലോക്കല്‍ ഹെഡ് ഓഫീസാണുള്ളത്. ലയനത്തോടെ ഇത് ഒന്നായി ചുരുങ്ങും. എസ്ബിഐക്ക് രണ്ടും അനുബന്ധ ബാങ്കുകള്‍ക്ക് മൂന്നും ജനറല്‍ മാനേജര്‍ ഓഫീസുള്ളത് (നെറ്റ്വര്‍ക് ഓഫീസ്) ലയനശേഷം മൂന്നായി ചുരുങ്ങും. രണ്ട് ജിഎം ഓഫീസ് ഇല്ലാതാകും. എസ്ബിഐയുടെ നാലും അനുബന്ധ ബാങ്കുകളുടെ ആറും ഉള്‍പ്പെടെ 10 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുള്ളത് ആറാകും.

നിലവില്‍ എസ്ബിഐക്കുള്ള 17ഉം അനുബന്ധ ബാങ്കുകളുടെ 26ഉം റീജ്യണല്‍ ബിസിനസ് ഓഫീസുകളില്‍ 14 എണ്ണവും ഇല്ലാതാകും. രാജ്യത്താകമാനം രണ്ട് ലോക്കല്‍ ഹെഡ് ഓഫീസും 12 ജനറല്‍ മാനേജര്‍ ഓഫീസും 27 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും 81 റീജ്യണല്‍ ബിസിനസ് ഓഫീസും നിര്‍ത്തലാക്കും.

കര്‍ണാടകത്തില്‍ 14ഉം പഞ്ചാബില്‍ 17ഉം തമിഴ്‌നാട്ടില്‍ ഒമ്പതും ഡല്‍ഹിയില്‍ 11ഉം രാജസ്ഥാനില്‍ 13ഉം തെലങ്കാനയില്‍ 15ഉം ആന്ധ്രയിലും ബംഗാളിലും ഏഴും യുപിയില്‍ മൂന്നും മുംബൈ നഗരത്തില്‍ നാലും പുനെ-നാഗ്പുര്‍ മേഖലയില്‍ എട്ടും ഗുജറാത്ത്, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും ഓഫീസ് പൂട്ടും. എസ്ബിഐയുടെയും അഞ്ച് അനുബന്ധ ബാങ്കിന്റെയും ലോക്കല്‍ ഹെഡ് ഓഫീസ്, ജനറല്‍ മാനേജര്‍ ഓഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റീജണല്‍ ബിസിനസ് ഓഫീസ് എന്നിവിടങ്ങളിലായി എണ്ണായിരത്തിലേറെ ജീവനക്കാരാണുള്ളത്. ഇതില്‍ 5500 ഓഫീസര്‍മാരും 2500 ക്‌ളര്‍ക്കുമാരുമാണ്. 122 ഓഫീസ് നിര്‍ത്തലാക്കുന്നതോടെ വരുംവര്‍ഷങ്ങളില്‍ എസ്ബിഐയില്‍ അപ്രഖ്യാപിത നിയമനനിരോധനമുണ്ടാകും.

അതേസമയം ലയനംമൂലം ബാങ്കിങ് മേഖലയില്‍ തൊഴില്‍സാധ്യത മങ്ങുമോ എന്ന ആശങ്ക ശക്തമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന ധാരണ ജനങ്ങളില്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി പ്രൊബേഷണറി ഓഫീസര്‍മാരുടെ 2403 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എസ്ബിഐ ജനറല്‍ മാനേജര്‍വരെയാകാന്‍ അവസരമുണ്ടെന്ന വ്യാപക പ്രചാരണം നടത്തിയാണ് പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. അതേസമയം, ലയനം പൂര്‍ത്തിയാക്കിയാല്‍ മൂവായിരത്തിലധികം ജീവനക്കാരെ കുറയ്‌ക്കേണ്ടിവരുമെന്ന് നേരത്തെതന്നെ എസ്ബിഐ വ്യക്താക്കിയിട്ടുമുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: