ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പത്തു പൈസയ്ക്ക് തട്ടിപ്പ് സംഘത്തിന് വില്‍ക്കുന്നയാള്‍ അറസ്റ്റില്‍

ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് സംഘത്തിന് വില്‍ക്കുന്നയാള്‍ അറസ്റ്റില്‍. ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് സംഘത്തിന് വില്‍ക്കുന്ന ഡല്‍ഹിയിലെ ഗണേഷ് നഗര്‍ സ്വദേശിയായ പുരന്‍ ഗുപ്തയെന്ന 33 കാരനാണ് പിടിയിലായത്. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലുള്ള എണ്‍പതുകാരന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതും, പുരന്‍ ഗുപ്ത അറസ്റ്റിലാവുന്നതും. ഗ്രേറ്റര്‍ കൈലാഷ് സ്വദേശിക്ക് 1.46 ലക്ഷം രൂപയാണ് ഇങ്ങനെ നഷ്ടമായത്.

ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ ബാങ്ക് വിവരങ്ങളായിരുന്നു ഇയാളുടെ കയ്യിലുണ്ടായിരുന്നത്. കാര്‍ഡ് നമ്പര്‍, കാര്‍ഡ് ഉടമയുടെ പേര്, ജനന തിയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയവയാണ് ഇയാള്‍ ശേഖരിക്കുന്നത്. അതോടൊപ്പം ക്രെഡിറ്റ് ലിമിറ്റ്, കാര്‍ഡ് ഉടമയുടെ വരുമാനം എന്നിവയും ശേഖരിക്കും. ഇത് ആവശ്യമുള്ള തട്ടിപ്പുസംഘങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ തിരിച്ച് കൈമാറും. വ്യക്തികളുടെ സോഷ്യല്‍മീഡിയ ആക്ടിവിറ്റി, വിസിറ്റിങ് കാര്‍ഡുകള്‍, വോട്ടര്‍ ഐഡി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഇയാളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് തട്ടിപ്പ് സംഘങ്ങള്‍ കാള്‍സെന്ററുകള്‍ എന്ന വ്യാജേന വ്യക്തികളുമായി ബന്ധപ്പെടുകയും അവരുടെ വണ്‍ ടൈം പാസ്‌വേഡ് കരസ്ഥമാക്കുകയും ചെയ്യും. തുടര്‍ന്നാണ് പണം അപഹരിക്കുന്നത്. കൂടുതലും പ്രായമുള്ളവരെയും, സ്ത്രീകളെയുമാണ് ഈ വ്യാജ കാള്‍സെന്ററുകള്‍ കൂടുതലായി ബന്ധപ്പെട്ടിരുന്നത്. ഡല്‍ഹിയിലെ വ്യാജ കാള്‍സെന്ററുകളിലൊന്നിന്റെ ഉടമായ അശിഷ് കുമാര്‍ എന്ന വ്യക്തിയുടെ അറസ്റ്റാണ് പുരന്‍ ഗുപ്തയുടെ അറസ്റ്റിന് കാരണമായത്.
ഒരാളുടെ അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കാന്‍ ഈ വ്യാജ കാള്‍സെന്ററുകള്‍ക്ക് ചെലവാക്കേണ്ടത് വെറും പത്തുമുതല്‍ 40 വരെ പൈസമാത്രമാണ്.

ചുരുങ്ങിയത് 50,000 പേരുടെ വിവരങ്ങളാണ് ആവശ്യക്കാര്‍ക്ക് കൈമാറുക. ഇതിനായി 5000 രൂപമുതലാണ് ഈടാക്കുന്നത്. മുന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കൂടിയാണ് ഗുപ്ത. ഡാറ്റ കലക്ഷന്‍, ഡാറ്റ എന്‍ട്രി, ഡാറ്റ മാര്‍ക്കറ്റ് റിസര്‍ച്ച്, ഓണ്‍ലൈന്‍ പ്രമോഷന്‍ എന്നീ സേവനങ്ങളുടെ ഒരു ഓഫീസാണ് താന്‍ നടത്തുന്നത് എന്നായിരുന്നു ഇയാള്‍ പുറംലോകത്തെ വിശ്വസിപ്പിച്ചിരുന്നത്. ഈ ഓഫീസ് പുരന്‍ ഗുപ്തയെ വ്യാജ കാള്‍ സെന്ററുകളുമായി ബന്ധിപ്പിക്കുകയും, തുടര്‍ന്ന് അവര്‍ക്കാവശ്യമായ വിവരങ്ങള്‍ അയാള്‍ ശേഖരിച്ച് നല്‍കുകയുമായിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: