എം.എം മണിയെ വിടമാട്ടെ’ മന്ത്രിക്കെതിരെ മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ ശക്തമായ പ്രതിഷേധം; മണിയെ കൈവിട്ട് മുഖ്യമന്ത്രിയും

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി മണിക്കെതിരെ മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ ശക്തമായ പ്രതിഷേധം. മന്ത്രി നേരിട്ടെത്തി മാപ്പു പറയണമെന്നും മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ‘എം.എം മണിയെ വിടമാട്ടെ’ എന്ന മുദ്രാവാക്യവുമായാണ് ഗോമതിയുടെ നേതൃത്വത്തിലുള്ള പെമ്പിളൈ ഒരുമ പ്രവര്‍ത്തകരുടെ സമരം.
മന്ത്രി നേരിട്ടെത്തുന്നതുവരെ മൂന്നാര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തും. സ്ത്രീകളെ അപമാനിച്ചതിനുള്ള ശിക്ഷ മണി അനുഭവിക്കണം. തോട്ടം തൊഴിലാളികളെല്ലാം സമരത്തില്‍ പങ്കെടുക്കും. പിന്തുണയുമായി ആരെത്തിയാലും സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ മൊത്തം സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. പാവപ്പെട്ട തോട്ടം തൊഴിലാളികളെ കുറിച്ച് പറയാന്‍ മണിക്ക് എന്ത് യോഗ്യതയുണ്ടെന്നും ഗോമതി ചോദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുകയാണ് മണി ചെയ്തതെന്നും ഗോമതി പ്രതികരിച്ചു. അശ്ലീല പരാമര്‍ശം നടത്തിയ എം എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സമരമാണ് പെമ്പിളൈ ഒരുമൈ നടത്തിയത്. അത്തരത്തിലാണ് ആ സമരത്തെ കാണേണ്ടിയിരുന്നത്. മണിയുമായി ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന സമീപനം നല്ലതല്ലെന്ന് മന്ത്രി എ കെ ബാലനും പ്രതികരിച്ചിരുന്നു. മന്ത്രി എന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് എം എം മണി പറഞ്ഞതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.


ഡികെ

Share this news

Leave a Reply

%d bloggers like this: