രാഷ്ട്രീയപ്രവേശന സാധ്യത വീണ്ടും മുന്നോട്ട് വെച്ച് രജനികാന്ത്; ആരാധകര്‍ പ്രതീക്ഷയില്‍

തമിഴ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി വഴിമരുന്നിട്ട് സൂപ്പര്‍താരം രജനീകാന്ത്. കോടമ്പക്കത്ത് നാലുദിവസമായി തുടരുന്ന ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ താരം നല്‍കി.

കൂടിക്കാഴ്ചയുടെ അവസാന ദിവസമായ ഇന്ന് അദ്ദേഹം പറഞ്ഞത് ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം വരണമെന്നാണ്. ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതില്‍ മാറ്റം വരണമെന്നും രജനി പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പറഞ്ഞത് ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയില്ല. സമയം വരുമ്പോള്‍ തയാറായിരിക്കണമെന്നും താന്‍ എന്നും തമിഴര്‍ക്കൊപ്പമാണെന്നും രജനി പറഞ്ഞു.

കര്‍ണാടകയില്‍ നിന്നുള്ളയാളായിട്ടും തമിഴ്നാട്ടുകാര്‍ തന്നെ സ്വീകരിച്ച്, പൂര്‍ണ തമിഴനായി തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ കര്‍ണാടകയില്‍ 23 വര്‍ഷം ജീവിച്ചു, തമിഴ്നാട്ടില്‍ 43 വര്‍ഷവും. തമിഴനെന്നു അറിയപ്പെടുന്നതില്‍ അഭിമാനമുണ്ട്. എന്റെ ആരാധകരാണ് എന്നെ തമിഴനാക്കിയത്. നിങ്ങളെപ്പോലെ തന്നെ എനിക്കും ഉത്തരവാദിത്തങ്ങളും ജോലികളുമുണ്ട്. നമുക്ക് അതു ചെയ്യാം. എന്നാല്‍ അന്തിമയുദ്ധം വരുമ്പോള്‍, നമുക്കു കാണാം.

അതേസമയം, ബിജെപിയിലേക്കു ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് ഒന്നും പറയാനില്ലെന്നു രജനീകാന്ത് മറുപടി നല്‍കിയിരുന്നു. പറയാനുള്ളതു നേരത്തെ പറഞ്ഞുവെന്നും സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് രജനികാന്തിനെ ബിജെപിയിലേക്കു ക്ഷണിച്ചു കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. എന്നാല്‍ ബിജെപിയുടെ ക്ഷണം നിരാകരിക്കാന്‍ അദ്ദേഹം തയറാകാത്തത് ഡിഎംകെ, അണ്ണാ ഡിഎംകെ, കോണ്‍ഗ്രസ് ക്യാംപുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.

അതിനിടെ, രജനീകാന്ത് രാഷ്ട്രീയത്തിലെത്തിയാല്‍ അതൊരു ദുരന്തമായിരിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുറത്തുനിന്നുള്ളയാളെന്നും സ്വാമി രജനീകാന്തിനെ വിശേഷിപ്പിച്ചിരുന്നു.

എട്ടു വര്‍ഷത്തിനുശേഷം ആരാധകരെ കാണാന്‍ നേരിട്ടെത്തിയ താരം ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നു വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നാലു ദിവസമായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടക്കുന്ന ആരാധക സംഗമം ഇന്ന് അവസാനിക്കും. അതേസമയം, രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ വരുന്ന ഇത്തരം പ്രസ്താവനകള്‍ തമിഴ്, ദേശീയ രാഷ്ട്രീയ കക്ഷികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: