ആഘോഷ തിമിര്‍പ്പില്‍ ഇന്ത്യയിലെ വരേദ്കറിന്റെ കുടുംബാംഗങ്ങള്‍

ലിയോ വരാദ്കര്‍ അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപെട്ടപ്പോള്‍ നാട്ടില്‍ ആഘോഷ ലഹരിയിലാണ് മഹാരാഷ്ട്രയിലെ കുടുംബാംഗങ്ങള്‍. ആഹ്ലാദം പങ്കുവെയ്ക്കാന്‍ ഇന്ന് ബന്ധുക്കളെല്ലാം കുടുംബവീട്ടില്‍ ഒത്തുചേരുമെന്ന് ലിയോയുടെ പിതൃസഹോദരപുത്രിയും ഒഡിസി നര്‍ത്തകിയുമായ ശുഭദ വരാദ്കര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലുള്ള വരാദിലാണ് ലിയോയുടെ അച്ഛന്‍ ഡോ. അശോക് വരാദ്കര്‍ ജനിച്ചത്. മുംബൈയ്ക്കടുത്ത് ബോറിവിലിയില്‍ അശോകിന്റെ സഹോദരന്റെ മക്കള്‍ താമസിക്കുന്നുണ്ട്. ആഘോഷങ്ങള്‍ക്കായി രണ്ടിടത്തും കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നിട്ടുണ്ടെന്ന് ബോറിവിലിയില്‍ താമസിക്കുന്ന ദീപ്തി ഭോസാലെ പറഞ്ഞു.

മഹാരാഷ്ട്രയില്‍നിന്ന് 1970-കളിലാണ് അശോക് വരാദ്കര്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറിയത്. അയര്‍ലന്‍ഡുകാരിയായ മറിയമാണ് ലിയോയുടെ അമ്മ. ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത ലിയോ കുറച്ചുകാലം മുംബൈയിലെ കിങ് എഡ്വേഡ് മെമോരിയില്‍ ആസ്?പത്രിയില്‍ ജോലിനോക്കിയിട്ടുമുണ്ട്. അതിനുശേഷമാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതും കുറഞ്ഞസമയംകൊണ്ട് രാജ്യത്തെ പരമോന്നത പദവിയിലേക്കെത്തിയതും. പാതി ഇന്ത്യക്കാരന്‍, ഡോക്ടര്‍, സ്വവര്‍ഗാനുരാഗി, അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി. സവിശേഷതകള്‍ പലതുണ്ട് ലിയോയ്ക്ക്.

ഭരണകക്ഷിയായ ഫിന ഗെയിലിന്റെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഈമാസം ആദ്യം വിജയിച്ച ലിയോയെ ബുധനാഴ്ചയാണ് ഐറിഷ് പാര്‍ലമെന്റായ ഡെയില്‍ പ്രധാനമന്ത്രിയായി ഔപചാരികമായി തിരഞ്ഞെടുത്തത്. അടുത്തദിവസംതന്നെ സ്ഥാനാരോഹണം നടക്കും. കുടുംബാംഗം മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവനായി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ സംബന്ധിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇത്രയുംകുറഞ്ഞ സമയംകൊണ്ട് അയര്‍ലന്‍ഡിലെത്താന്‍ കഴിയില്ലെന്ന് ശുഭദ പറഞ്ഞു. നൃത്തപരിപാടികള്‍ക്കായി യൂറോപ്പില്‍ പോകുമ്പോഴൊക്കെ ശുഭദ ലിയോയുടെ വീട്ടില്‍ പോകാറുണ്ട്. ലിയോ പ്രധാനമന്ത്രിയാകാനിടയുണ്ടെന്ന് കഴിഞ്ഞതവണ കണ്ടപ്പോള്‍ അച്ഛന്‍ അശോക് പറയുകയും ചെയ്തിരുന്നു.

നാലോ അഞ്ചോ തവണയേ ലിയോ നാട്ടില്‍ വന്നിട്ടുള്ളൂവെങ്കിലും കുടുംബാംഗങ്ങളുടെയെല്ലാം പേരും വിവരങ്ങളും ഓര്‍ത്തുവെയ്ക്കാറുണ്ടെന്ന് ശുഭദ പറയുന്നു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ലിയോ ജയിച്ചപ്പോള്‍ത്തന്നെ കുടുംബാംഗങ്ങള്‍ വരാദില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. വരാദ്കര്‍ കുടുംബത്തിന്റെ കുലദേവതയായ വേട്ടാള്‍ക്ഷേത്രത്തില്‍ അന്ന് പ്രത്യേക പൂജയും നടന്നു. വരാദ്കര്‍ കുടുംബത്തിലെ ഒമ്പത് സഹോദരങ്ങളില്‍ ഏറ്റവും ഇളയയയാളാണ് ലിയോയുടെ അച്ഛന്‍ അശോക്. മൂത്ത സഹോദരങ്ങളായ മധുകര്‍ വരാദ്കറും മനോഹര്‍ വരാദ്കറും സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. മാല്‍ലവിനെ ആദ്യ മേയറുകൂടിയാണ് മധുകര്‍.

എ എം

Share this news

Leave a Reply

%d bloggers like this: